സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഗവര്‍ണര്‍ കോഴിക്കോട് മിഠായി തെരുവില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. ഹല്‍വ വാങ്ങാനാണ് താൻ എസ്‌എം സ്ട്രീറ്റില്‍ എത്തിയതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നല്‍കിയ വിശദീകരണം. യുവമോര്‍ച്ച നേതാക്കളും ഗവര്‍ണര്‍ക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടെ മിഠായി തെരുവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്. ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ച് കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണിതെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സംഘപരിവാർ സംഘടനകളുമായി ആലോചിച്ചാണ് മുൻപരിപാടികളിൽ ഇല്ലാത്ത മിഠായി തെരുവ് സന്ദർശനം നടത്തിയത്. പ്രകോപനം ഉണ്ടാക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.356 വകുപ്പ് പ്രകാരം സർക്കാറിനെ പിരിച്ച് വിടാനുള്ള സാഹചര്യം ഉണ്ട് എന്ന റിപ്പോർട്ട് നൽകുവാനുള്ള നീക്കത്തിനുള്ള ഗൂഡാലോചനയാണ് ആരിഫ് മുഹമ്മ ദ് ഖാനും ആർ എസ് എസ് ഉം നടത്തുന്നതെന്നും സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.