വയനാട്: വാകേരി മേഖലയില്‍ ഉള്‍പ്പെട്ട കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയെത്തി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. വാകേരിയില്‍ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കൊന്ന കടുവ തന്നെയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെയും ആക്രമിച്ച് കൊന്നതെന്ന് സ്ഥിരീകരിച്ചു. കല്ലൂര്‍ക്കുന്ന് ഞാറ്റടി വാകയില്‍ സന്തോഷിന്റെ തൊഴുത്തില്‍ കെട്ടിയ ഗര്‍ഭിണിയായ പശുവിനെയാണ് കടുവ പിടിച്ചത്. രാത്രിയില്‍ 11.30 യോടെ പശുക്കളും ആടും കൂട്ടത്തോടെ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോള്‍ കടുവ ഒരു പശുവിന്റെ കാലില്‍ പിടിച്ച് പറമ്പിന്റെ താഴ്ഭാഗത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്.
കടുവക്ക് നേരെ ടോര്‍ച്ച് തെളിച്ചിട്ടും ബഹളം വെച്ചിട്ടുമൊന്നും കടി വിടാതെ ഏറെ നേരം വലിച്ചുകൊണ്ടുപോയെന്ന് സന്തോഷ് പറഞ്ഞു. പിന്നീട്, അയല്‍വാസികള്‍ കൂടിയെത്തി ബഹളം വെച്ചതോടെയാണ് പശുവിനെ ഉപേക്ഷിച്ച് കടുവ ഇരുട്ടിലേക്ക് മറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു
വിവരമറിഞ്ഞ് രാത്രിയില്‍ തന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ വനംവകുപ്പിന്റെ ദ്രുത കര്‍മ്മ സേനയും പരിശോധനക്കായെത്തി. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കല്ലൂര്‍ കുന്നില്‍ രണ്ടാം തവണയും കടുവ എത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞദിവസം ഞാറ്റടിയിലെ വയലില്‍ ഇറങ്ങിയ കടുവ തന്നെയാണോ വാകയില്‍ സന്തോഷിന്റെ വീട്ടിലും എത്തിയതെന്നറിയാന്‍ കാല്‍പ്പാടുകള്‍ വിശദമായി പരിശോധിക്കുകയാണ് വനംവകുപ്പ്. കാടിനുള്ളില്‍ കഴിയേണ്ട മൃഗങ്ങളെല്ലാം നാട്ടില്‍ എത്തിയെന്നും പന്നി, മാന്‍, മയില്‍ തുടങ്ങിയവ കാരണം കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വന്ന അവസ്ഥയിലാണ് തങ്ങളെന്നും കല്ലൂര്‍ കുന്നിലെ കര്‍ഷകര്‍ പറഞ്ഞു. ഇതിനിടയിലാണ് ഉപജീവനമാര്‍ഗമായ വളര്‍ത്തുമൃഗങ്ങളെയും കടുവയെത്തി ആക്രമിക്കുന്നത്.
വൈകുന്നേരം ആറുമണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് വാകേരി മേഖലയില്‍ ഉണ്ടായിരിക്കുന്നത്. വിശാലമായ കാപ്പിത്തോട്ടങ്ങളില്‍ തമ്പടിക്കുന്ന കടുവ ഏതുസമയവും വളര്‍ത്തുമൃഗങ്ങളെ തേടിയെത്തും എന്നതാണ് അവസ്ഥ. ഇതിനിടയില്‍ മനുഷ്യരെങ്ങാനും മുമ്പില്‍ പെട്ടാല്‍ ആക്രമിക്കുമെന്നുറപ്പാണെന്നും ഇവര്‍ പറയുന്നു.
ഇന്നലെ പശുവിനെ പിടിക്കുന്നതിനിടെ അത്രയും പേര് ബഹളം വെച്ചിട്ടും കടുവ ഓടിപ്പോകാതിരുന്നത് അവക്ക് നാട് പരിചിതമായി എന്നതിന്റെ സൂചനയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ജോലിക്കും മറ്റുമൊക്കെ പുറത്തുപോയി വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമോ എന്ന ആശങ്ക ഓരോ ദിവസവും കൂടിവരികയാണ് വാകേരിയിലുള്ളവര്‍ക്ക്. പ്രജീഷ് എന്ന ക്ഷീര കര്‍ഷകനെ ആക്രമിച്ച കൊലപ്പെടുത്തിയ കടുവയെ തെരച്ചില്‍ തുടങ്ങി എട്ടുദിവസമായിട്ടും വെടിവെച്ചു കൊല്ലാനോ പിടികൂടാനോ വനംവകുപ്പിന് കഴിയുന്നില്ലെന്നും ജനങ്ങള്‍ രോഷത്തോടെ പ്രതികരിച്ചു. ഇത്രയും ദിവസം ചെലവഴിച്ച പണത്തിന്റെ ഒരംശം തന്നാല്‍ നാട്ടുകാര്‍ ഇറങ്ങി കടുവയെ കണ്ടെത്താമെന്നും ഇവര്‍ പറയുന്നു.
പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് കല്ലൂര്ക്കുന്നിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ദൂരം. കല്ലൂര്‍ക്കുന്നിലും യൂക്കാലി കവലയിലും രാത്രിയില്‍ വാഹനമിറങ്ങി നടന്നു വരേണ്ട ആളുകള്‍ ഒരുപാടുണ്ട് ഇവിടെ. ഇന്നലെ രാത്രി 11.30 ക്കാണ് കടുവ എത്തിയത്. ഈ സമയം പല വീടുകളിലും ജോലിക്ക് പോയവര്‍ തിരിച്ചെത്തി ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. കടുവ ഇത്രയും നേരത്തെ എത്തിയത് അത് നാട്ടില്‍ തന്നെ താവളമുറപ്പിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്.