CrimeNEWS

ആറു വിവാഹം, വ്യാജ ബിരുദം, പാക്ക് ബന്ധം; ഒഡീഷയില്‍ അറസ്റ്റിലായ കശ്മീരിക്ക് കേരള ബന്ധവും

ന്യൂഡല്‍ഹി: ആള്‍മാറാട്ടത്തിലൂടെ ആളുകളെ കബളിപ്പിച്ച കശ്മീരിലെ കുപ്വാര സ്വദേശി ഒഡീഷയില്‍ അറസ്റ്റിലായി. ഇഷാന്‍ ബുഖാരി എന്ന സയിദ് ഇഷാന്‍ ബുഖാരിയെ (37) ആണ് ഒഡീഷ പൊലീസിന്റെ സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ന്യൂല്‍പുരില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. ന്യൂറോ സര്‍ജന്‍, സൈനിക ഡോക്ടര്‍, പ്രധാനമന്ത്രിയുടെ ഓഫിസിലെ (പിഎംഒ) ഉദ്യോഗസ്ഥന്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ തുടങ്ങി ഐഡന്റിറ്റി മാറിമാറി ഉപേയാഗിച്ചാണ് ഇയാള്‍ സ്ത്രീകളെ ഉള്‍പ്പെടെ കബളിപ്പിച്ചിരുന്നത്.

ബുഖാരിയെ പിടികൂടാന്‍ കശ്മീര്‍ പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. നിരവധി വ്യാജ ഐഡന്റിറ്റികളുള്ള ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള നിരവധി ആളുകളുമായും കേരളത്തിലെ ചില സംശയാസ്പദമായ ഘടകങ്ങളുമായും ബന്ധമുണ്ടെന്ന് എസ്ടിഎഫ് അറിയിച്ചു. അതേസമയം, പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി വിവരമില്ല.

Signature-ad

ഡോക്ടര്‍ എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി ഉണ്ടാക്കാന്‍, യുഎസിലെ കോര്‍നെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നു വ്യാജ രേഖകള്‍ ചമച്ചു. കനേഡിയന്‍ ഹെല്‍ത്ത് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും തമിഴ്‌നാട് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നും എന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. ആളുകളെ കബളിപ്പിക്കാന്‍ രാജ്യാന്തര ബിരുദങ്ങള്‍, പത്രികകള്‍, ബോണ്ടുകള്‍, എടിഎം കാര്‍ഡുകള്‍, ബ്ലാങ്ക് ചെക്കുകള്‍, ആധാര്‍ കാര്‍ഡുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ എന്നിവയും കൈവശം വച്ചിരുന്നു.

എസ്ടിഎഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ നൂറിലധികം രേഖകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കശ്മീര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറു സ്ത്രീകളെയും ഇയാള്‍ വിവാഹം കഴിച്ചു. കൂടാതെ നിരവധി സ്ത്രീകളുമായി പ്രണയത്തിലായിരുന്നു. നിരവധി വെബ്സൈറ്റുകളിലും ആപ്പുകളിലും സജീവമായിരുന്നു. പ്രതിക്ക് രാജ്യവിരുദ്ധ ഘടകങ്ങളുമായി ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ കൃത്യമായ പങ്ക് കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പോലീസ് വ്യക്തമാക്കി.

 

Back to top button
error: