Movie

ചില മോഹൻലാൽ വിശേഷങ്ങൾ…! ആശിർവാദ് സിനിമാസ്, ലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകിയത് ഈ നടന്:  ലാൽ അനശ്വരമാക്കിയ തന്മാത്രയിലെ ‘രമേശന്‍ നായർ’ എത്തിയിട്ട് ഇന്ന് 18 വർഷം, മലൈക്കോട്ടൈ വാലിബനിലെ ‘പുന്നാരകാട്ടിലെ പൂവനത്തില്‍’ ഗാനം തരംഗമായി

       കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മലയാള സിനിമയിൽ നിറസാന്നിധ്യമാണ് ആശിർവാദ് സിനിമാസ്. മലയാള സിനിമയുടെ നടനവിസ്മയമായ മോഹൻലാൽ  ചിത്രങ്ങൾ ഏറ്റവുമധികം ഇറങ്ങിയതും ഈ ബാനറിൽ തന്നെ. വിജയചിത്രങ്ങളുടെ സാരഥിയായ ആശിർവാദ് സിനിമാസിന്റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരും മോഹൻലാലും തമ്മിൽ അഭേദ്യമായ ബന്ധമാണ് വർഷങ്ങളായി സൂക്ഷിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ  ബാനറിലെ സിനിമകളിൽ മോഹൻലാൽ അല്ലാതെ ഏറ്റവും കൂടുതൽ അഭിനയിച്ചത് ആര് എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതിനുള്ള ഉത്തരമിതാ ലഭിച്ചിരിക്കുന്നു. സിദ്ദിഖ് ആണ് ആ നടൻ.

സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീത്തു ജോസഫ് ചിത്രം നേരിന്‍റെ പ്രൊമോഷനിടെ ആയിരുന്നു ഇത്. മോഹൻലാലിനൊപ്പം ആകെ 62 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നും  സിദ്ദിഖ് പറഞ്ഞു.

അതുപോലെ തന്നെ ആശിര്‍വാദിന്‍റെ അക്കൗണ്ട് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പണം വാങ്ങിയത് താൻ ആന്നെന്നും ഈ ബാനറിന്റെ ആകെ രണ്ടോ മൂന്നോ സിനിമകൾ മാത്രമേ മിസ് ആയിട്ടൂള്ളൂവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ‘നേര്’ ക്രിസ്മസിനാണ് എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്ന സിനിമയാണ് നേര്. വിജയമോഹന്‍ എന്ന സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിട്ടാണ് മോഹന്‍ലാല്‍ വരുന്നത്.

മോഹൻലാൽ തന്റെ അഭിനയ ജീവിതത്തിൽ പ്രേക്ഷകർക്ക്  സമ്മാനിച്ചത് ഒട്ടനവധി സിനിമകളാണ്. മറ്റാർക്കും പകർന്നാടാൻ സാധിക്കാത്ത വിധത്തിലുള്ളതാണ് അവയിലെ ഓരോ കഥാപാത്രങ്ങളും. അതിൽ പ്രധാനപ്പെട്ട വേഷമാണ് തന്മാത്രയിലെ ‘രമേശന്‍ നായർ.’ ബ്ലെസി അണിയിച്ചൊരുക്കിയ രമേശന്‍ നായർ’ ഇന്നും കാലാനുവർത്തിയായി നിലകൊള്ളുന്ന മോഹൻലാൽ കഥാപാത്രമാണ്.

തന്മാത്ര റിലീസ് ചെയ്തിട്ട് ഇന്ന് 18 വർഷം തികയുകയാണ്. 2005 ഡിസംബർ 16ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ  തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയും അയാളുടെ കുടുംബത്തിൽ വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു തന്മാത്രയുടെ കഥ.

2005ലെ സംസ്ഥാന ചലച്ചിത്ര  അവാർഡുകളിൽ അഞ്ചോളം പുരസ്‌കാരങ്ങളാണ് തന്മാത്ര കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങൾ. അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി.

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘ പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി.എസ് റഫീഖ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വാക്കിയിലും അഭയ ഹിരണ്‍മയിയുമാണ്.

Back to top button
error: