CrimeNEWS

കൂട്ടുകാർ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു, ചങ്ങനാശ്ശേരിയിലെ യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ടുപേർ അറസ്റ്റിൽ

   ചങ്ങനാശ്ശേരി ബിവറേജിന് സമീപം തൃക്കൊടിത്താനം സ്വദേശിയായ  അഭിലാഷിനെ കുഴഞ്ഞുവീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് നവംബർ 13-ാം  തീയതിയാണ്. പിന്നീട് വിശദമായ അന്വേഷണത്തിൽ യുവാവിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട്  രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് വീട്ടിൽ അഖിൽ എന്ന് വിളിക്കുന്ന ജോസഫ് സേവ്യർ (25), ചങ്ങനാശ്ശേരി പുഴവാത്  ആനന്ദപുരത്ത് വാര്യം വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണവാര്യർ (36) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

തൃക്കൊടിത്താനം പ്ലാംപറമ്പിൽ  വീട്ടിൽ അഭിലാഷ്(45) എന്നയാളെയാണ്  നവംബർ 13 ന്  ചങ്ങനാശ്ശേരിയിലെ ബിവറേജിന് ഔട്ട്ലെറ്റിനുസമീപം അവശനിലയിൽ കാണപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന്  ചികിത്സയിലിരിക്കെ ഡിസംബർ 8 ന് ഇയാൾ മരണപ്പെട്ടു. ഈ മരണത്തിൽ സംശയം തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ  ശാസ്ത്രീയമായ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. നവംബർ 13-ാം തീയതി ജോസഫ് സേവ്യറും, ഉണ്ണികൃഷ്ണവാര്യരും, അഭിലാഷും ചേർന്ന് മദ്യപിക്കുകയും ഇതിനിടയിൽ ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. അതേ തുടർന്ന് ജോസഫ് സേവ്യറും, ഉണ്ണികൃഷ്ണവാര്യരും ചേർന്ന് അഭിലാഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇവർ  സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മർദ്ദനത്തിൽ അഭിലാഷിന്റെ  വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ചിരുന്നു. തുടർന്ന് അന്വേഷണസംഘം പ്രതികള്‍ക്ക് വേണ്ടി നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.

Signature-ad

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ തോമസ് ജോസഫ്, പ്രസാദ് ആർ.നായർ, എ.എസ്.ഐമാരായ രഞ്ജിവ് ദാസ്, ജീമോൻ മാത്യു തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Back to top button
error: