NEWS

ഔദ്യോഗിക ജോലിക്കിടെ ട്രെയിനില്‍ യുവതിക്കൊപ്പം പൊലീസുകാരന്റെ നൃത്തം, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ; ഒടുവിൽ നടപടി

   ഔദ്യോഗിക ജോലിക്കിടെ ലോക്കല്‍ ട്രെയിനില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത് റീല്‍സ് എടുത്ത സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥന്‍ എസ് എഫ് ഗുപ്തയ്ക്കെതിരെയാണ് നടപടി. ഡ്യൂട്ടി സമയത്തുണ്ടായ കൃത്യവിലോപത്തിന് ഗുപ്തയോട് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയിട്ടുണ്ട്.

യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതോടെയാണ് നടപടി എടുത്തത്.

ഡിസംബര്‍ ആറിന് രാത്രി 10 മണിക്ക് ശേഷം സെന്‍ട്രല്‍ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം. ട്രെയിനില്‍ രാത്രികാലത്ത് വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതായിരുന്നു ഗുപ്തയുടെ ചുമതല. ഒരു യുവതി തന്റെ മകളുടെ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. ഇത് കാണാനിടയായ ഗുപ്ത ആദ്യം അപകടം ഉണ്ടാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീട്, യുവതിയോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചരിച്ചതോടെ റെയില്‍വേ പൊലീസ് ഗുപ്തയ്‌ക്കെതിരെ റിപ്പോർട്ട്സമര്‍പ്പിച്ചു. ജോലിയിലും യൂനിഫോമിലുമുള്ള സമയത്ത് ഇത്തരം സംഭവങ്ങളില്‍ ഉള്‍പെടാതിരിക്കുന്നത് മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ നീക്കം.

ലോകല്‍ ട്രെയിനില്‍ നൃത്തം ചെയ്യുന്നത് പതിവാണെങ്കിലും ഇതില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പെട്ടതാണ് സംഭവം വിവാദമാക്കിയത്.

Back to top button
error: