തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് ഭക്തരെ ബുദ്ധിമുട്ടിച്ചതിനൊപ്പം രാഷ്ട്രീയ വിഷയമായതോടെ ക്രമീകരണങ്ങളില്‍ മാറ്റംവരുത്തി പൊലീസ്. ശബരിമലയില്‍ ഓരോ ഘട്ടത്തിലെയും ഡ്യൂട്ടി കഴിയുമ്പോള്‍, ആ ഘട്ടത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ പകുതിപേരെ മാത്രമേ ആദ്യം പിന്‍വലിക്കാവൂ എന്ന് ഡിജിപി നിര്‍ദേശം നല്‍കി. ശബരിമല ഡ്യൂട്ടി ചെയ്തു പരിചയമുള്ള പൊലീസുകാരുടെ അഭാവം തിരക്ക് വര്‍ധിപ്പിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
അഞ്ച് ഘട്ടങ്ങളിലായാണ് എസ്പി റാങ്കിനു മുകളിലുള്ള പൊലീസുകാര്‍ക്ക് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30വരെ, നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14വരെ, ഡിസംബര്‍ 14 മുതല്‍ ഡിസംബര്‍ 27വരെ, ഡിസംബര്‍ 29 മുതല്‍ ജനുവരി 10വരെ, ജനുവരി 10 മുതല്‍ 20വരെ. ആറു ഘട്ടങ്ങളിലായാണ് ഇതിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി. 9 ദിവസം മുതല്‍ 13 ദിവസംവരെ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കും ജോലി ചെയ്യേണ്ടിവരും.
ഒരു ഘട്ടത്തിലെ ഡ്യൂട്ടി കഴിയുമ്പോള്‍ ആ ഘട്ടത്തിലെ ഡ്യൂട്ടി ചെയ്തവരില്‍ 50% പേരെ വിട്ടയക്കണം. ബാക്കിയുള്ളവര്‍ പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യണം. പുതുതായി എത്തിയവര്‍ക്ക് ഡ്യൂട്ടി രീതികള്‍ പറഞ്ഞു മനസിലാക്കി കൊടുക്കണം. രണ്ടു ദിവസത്തിനുശേഷം ബാക്കി 50% ഡ്യൂട്ടിക്കായി എത്തുമ്പോള്‍ മുന്‍ ഘട്ടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണം. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസ് കണ്‍ട്രോളര്‍, സ്‌പെഷല്‍ ഓഫിസര്‍, അസി.സ്‌പെഷല്‍ ഓഫിസര്‍ എന്നിവര്‍ അടുത്ത ഘട്ടത്തിലെ ഡ്യൂട്ടിക്ക് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി രീതികള്‍ കൃത്യമായി പറഞ്ഞു മനസിലാക്കി നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.