Social MediaTRENDING

ബെത്‌ലഹേം ; ദൈവത്തിന്റെ മകൻ മനുഷ്യശിശുവായി പിറന്നു വീണ മണ്ണ് !

സ്രയേലിനു രണ്ടു ഭാഗങ്ങളുണ്ട്. താഴ്ന്ന പ്രദേശം ഗലീലി.ഉയർന്ന ഭാഗം യുറേയ. കാനയും നസ്റത്തും ഗലീലിയിലാണ്. കാൽവരി, ജറൂസലേം എന്നിവ സ്ഥിതി ചെയ്യുന്നത് യുറേയയിൽ.

ഗലീലിയിൽ നിന്നു യുറേയയിലേക്ക് 120 കിലോമീറ്റർ ദൂരം.യേശുക്രിസ്തു ശ്വസിച്ച വായു, കുടിച്ച വെള്ളം, നടന്ന മണ്ണ്… !

ബത്‌ലഹേമിലെ മറ്റൊരു തീർഥാടന കേന്ദ്രമാണ് തബോർമല. പ്രാർഥനയിലേക്കു നയിക്കുന്ന ശാന്തമായ പ്രകൃതിയാണ് മൗണ്ട് തബോർ. ലാസറിന്റെ കല്ലറ, ബത്‌ലഹേം എന്നിവ പലസ്തീന്റെ അതിർത്തിക്കുള്ളിലാണ്. വലിയ മതിൽ കെട്ടി ഇസ്രയേൽ – പലസ്തീൻ അതിർത്തി വേർതിരിച്ചിട്ടുണ്ട്.എങ്കിലും നൂറു കണക്കിനു പലസ്തീനികൾ ഇസ്രയേലിൽ വന്നു ജോലി ചെയ്തു മടങ്ങുന്നുണ്ട്. രാവിലെയും വൈകിട്ടും അതിർത്തിയിൽ അവർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകുന്നു.

Signature-ad

 

യേശു ക്രിസ്തു ജനിച്ച ബെത് ലഹേമും പലസ്ഥീനിലാണ്.പലതവണ തകർക്കപ്പെട്ട ഇവിടുത്തെ പള്ളി(ചർച്ച് ഓഫ് നേറ്റിവിറ്റി) വീണ്ടും പുനർനിർമ്മിച്ചിട്ടുണ്ട്.ദാവീദും സോളമൻ രാജാവും ഭരിച്ചിരുന്ന പ്രദേശങ്ങളാണ് ഇത്.യേശുവിന്റെ കാലഘട്ടത്തിൽ ഹെരോദാവായിരുന്നു ഇവിടെ ഭരിച്ചിരുന്നത്.

ബെത്‌ലഹേമും ചർച്ച് ഓഫ് നേറ്റിവിറ്റിയും ഇന്നൊരു  തീർത്ഥാടന കേന്ദ്രമാണ്. ജറുസലേമിൽ നിന്ന് പള്ളിയിലേക്കുള്ള പരമ്പരാഗത പാതയുടെ കിഴക്കേ അറ്റം, തീർത്ഥാടന റൂട്ട് എന്നറിയപ്പെടുന്നു.ബെത്‌ലഹേമിന്റെ പരമ്പരാഗത പ്രവേശന കവാടത്തെ, കിംഗ് ഡേവിഡ്സ് വെൽസിന് സമീപമുള്ള ചർച്ച് ഓഫ് നേറ്റിവിറ്റിയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.ജോസഫും മേരിയും ബെത്‌ലഹേമിലേക്കെത്തിയ അതേ വഴി.ദൈവത്തിന്റെ മകൻ മനുഷ്യശിശുവായി പിറന്നു വീണ മണ്ണ് !

ഉണ്ണിയേശു മുട്ടിലിഴഞ്ഞും പിച്ചവെച്ചും വളർന്ന ഭൂമി, വളർത്തച്ഛനായ ജോസഫിനെ ആശാരിപ്പണിയിൽ സഹായിച്ച പണിശാല, ഓളങ്ങൾക്കു മീതെ നടക്കുകയും കടലിനേയും കാറ്റിനേയും ശാസിക്കുകയും ചെയ്ത അതേ ഗലീലിക്കടൽ, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോഷിപ്പിച്ച പുൽമേട്, ജറുസലേം നഗരം,നസറേത്ത്…

യേശുവിന്റെ അമ്മ പാർത്ത നഗരമാണ് നസറേത്ത്. മാലാഖ പ്രത്യക്ഷപ്പെട്ട് ‘നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് യേശു എന്ന് പേർ വിളിക്കണം’ എന്ന് അരുളപ്പാട് നൽകിയ വീട് അവിടെയാണ്. ആ വീടിന്റെ മുറികൾ നിലനിർത്തി മീതെ പള്ളി പണിതിട്ടുണ്ട്. ‘മംഗളവാർത്താപ്പള്ളി’ യെന്നാണ് ആ വീടിപ്പോൾ അറിയപ്പെടുന്നത്.

ടൗൺ ഓഫ് ജീസസ് എന്നറിയപ്പെടുന്ന കഫർന്നഹുമിലാണ് ക്രിസ്തു ഏറെ അത്ഭുതങ്ങൾ ചെയ്തത്. സുപ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയ മല, ഒലീവ് മല താഴ്വാരം, ലാസറിനെ ഉയിർപ്പിച്ച കല്ലറ, യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുത്ത സ്ഥലം. അന്ത്യത്താഴ മുറി, യേശുവിനെ വിസ്തരിച്ച സ്ഥലം, കുരിശ് മരണം വരിച്ച തലയോടിടം, ഉയർത്തെഴുന്നേറ്റ കല്ലറ, സ്വർഗ്ഗാരോഹണം ചെയ്ത ഉയർന്ന മല… കാഴ്ച്ചയുടെയും പ്രാർത്ഥനയുടേയും അനുഭവങ്ങളായി മാറിയ എത്രയെത്ര സ്ഥലങ്ങൾ…!

ജറൂസലമിലെ ബഥ്സമനിൽ 2400 വർഷം പഴക്കമുള്ള ഒലിവ് മരത്തിന്റെ കുറ്റിയുണ്ട്. ബഥ്സമൻ എന്ന വാക്കിനർഥം ‘ഒലിവ് ആട്ടുന്ന ചക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം’ എന്നാണ്. യേശുക്രിസ്തുവിന്റെ ജീവനുള്ള തെളിവാണ് ഒലിവ് മരത്തിന്റെ ശേഷിപ്പ്. യേശുവിന്റെ രക്തം വീണുവെന്നു വിശ്വസിക്കപ്പെടുന്ന ഒലിവിനു മുന്നിൽ സന്ദർശകർ ഹൃദയസമർപ്പണം നടത്തുന്നു.

കുരിശുമരണം നടന്ന തലയോടിടം എന്ന കുന്നിന് തലയോട്ടിയുടെ അടയാളം ശേഷിക്കുന്നുണ്ടായിരുന്നു. ഇതിന് തൊട്ടുമാറി താഴെയായി കല്ലറ. അരിമാത്യയിലെ ജോസഫ് എന്ന യഹൂദപ്രമാണിയുടെ തോട്ടത്തിലായിരുന്നു യേശുവിന്റെ കല്ലറ. റോമൻ ഭരണ മുദ്ര പതിപ്പിച്ച കല്ലറയിൽ നിന്ന് മൂന്നാം നാൾ യേശു ഉയർത്തെണീറ്റു. സന്ദർശകർക്ക് കല്ലറയ്ക്കുള്ളിൽ കയറാം. യേശുവിന്റെ ശരീരം വെച്ചിരുന്ന പ്രത്യേക സ്ഥലം തൊട്ടടുത്തായി നമ്മൾക്കു കാണാം. ബൈബിളിലെ പ്രത്യേക വചനം അതിനടുത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. ദൂതൻ ശിഷ്യരോടു പറഞ്ഞ വാക്കുകൾ. ‘ അവൻ ഉയർത്തെഴുന്നേറ്റു; അവൻ ഇവിടെയില്ല’. മരണത്തെ ദൈവപുത്രൻ അതിജീവിച്ച ആ വിശുദ്ധസ്ഥലത്ത് പ്രാർത്ഥനയോടെ, പ്രത്യാശയോടെ ആയിരങ്ങൾ തൊട്ടു നമസ്ക്കരിക്കുന്ന കാഴ്ച്ച.കണ്ണീരിന്റെയും ഏറ്റുപറച്ചിലുകളുടെയും അനുതാപത്തിന്റെയും നിമിഷങ്ങൾ. !

 

Back to top button
error: