SportsTRENDING

ഇന്ത്യൻ ഫുട്‌ബോളിലെ സ്‌പൈഡര്‍മാൻ സുബ്രതാ പോള്‍ വിരമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ സുബ്രതാ പോള്‍ വിരമിക്കുന്നു. 16 വര്‍ഷത്തോളം നീണ്ട കരിയറിന് ശേഷമാണ് 36-കാരനായ സുബ്രത ബൂട്ടഴിക്കുന്നത്.

വെള്ളിയാഴ്ചയാണ് വിരമിക്കല്‍ സംബന്ധിച്ച്‌ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് സുബ്രതാ പോള്‍ കത്തയച്ചത്.ഇന്ത്യയ്‌ക്കായി 67 മത്സരങ്ങളിലാണ് സുബ്രത പോള്‍ ഗോള്‍വല കാത്തത്.

2007-ല്‍ ലെബനനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ദേശീയ ടീമില്‍ താരം അരങ്ങേറ്റം കുറിച്ചത്. 2011-ല്‍ ദോഹയില്‍ നടന്ന ഏഷ്യൻ കപ്പില്‍ 27 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു ഇന്ത്യ പങ്കെടുത്തത്. അന്നത്തെ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ സുബ്രത കാഴ്ചവച്ച പ്രകടനം അദ്ദേഹത്തിന് ‘സ്‌പൈഡര്‍മാൻ’ എന്ന പേര് നേടിക്കൊടുത്തു.

20 ഷോട്ടുകളായിരുന്നു അന്ന് ഗോള്‍ പോസ്റ്റിലേക്ക് കൊറിയ പായിച്ചത്. എന്നാല്‍ അതില്‍ 16 ഷോട്ടുകളും സുബ്രത തടഞ്ഞിട്ടു. ആ ടൂര്‍ണമെന്റില്‍ 35-ല്‍ അധികം സേവുകള്‍ അദ്ദേഹം നേടിയിരുന്നു. ഇതോടെയായിരുന്നു സുബ്രത ഒരു താരമായി ഉയര്‍ന്നത്.

2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലകന്റെ കീഴിൽ ഇന്ത്യൻ ടീമിനെ നയിച്ചത് സുബ്രത പോൾ ആയിരുന്നു. അദ്ദേഹത്തിന് കീഴിൽ  ഇന്ത്യ രണ്ടാം റൗണ്ടിലെത്തി.

 

ക്ലബ്ബ് തലത്തിൽ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവയെ പ്രതിനിധീകരിച്ച സുബ്രത പോൾ പശ്ചിമ ബംഗാളിലെ സോദെപൂർ സ്വദേശിയാണ്.  

 

ഡാനിഷ് സൂപ്പർ ലീഗ് ടീമായ എഫ്‌സി വെസ്റ്റ്‌സ്‌ലാൻഡിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. വിദേശത്ത് പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരനായിരുന്നു സുബ്രത പോൾ.

Back to top button
error: