KeralaNEWS

കാനം രാജേന്ദ്രന്റെ ഭൗതികശരീരം   കാനത്തെ വസതിയിലെത്തിച്ചു: അന്ത്യാജ്ഞലി അർപ്പിച്ച് പതിനായിരങ്ങൾ, സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ; മുഖ്യമന്ത്രി പങ്കെടുക്കും

     അന്തരിച്ച സി.പി.ഐ. നേതാവ് കാനം രാജേന്ദ്രന് വിടനല്‍കാനൊരുങ്ങി രാഷ്ട്രീയകേരളം. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര  ഇന്ന്  പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി.

ജന്മനാട്ടിലേക്കുള്ള വിലാപയാത്രയിൽ ഉടനീളം ആയിരങ്ങള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ വിലാപയാത്രയിൽ ആദ്യ പൊതുദർശനം മണ്ണന്തലയിലായിരുന്നു. വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ ആയിരങ്ങൾ  ആദരാഞ്ജലി അർപ്പിച്ചു.

കൊല്ലം ജില്ലയിൽ നിലമേൽ, ചടയമംഗലം, ആയൂർ, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, അടൂർ, തിരുവല്ല, കോട്ടയം ജില്ലയിൽ ചങ്ങനാശേരി തുടങ്ങിയ കേന്ദ്രങ്ങളിലും പൊതുദർശനമുണ്ടായി. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ പൊതുദർശനത്തിനു ബസ് നിർത്തിയ കേന്ദ്രങ്ങളിലെല്ലാം പുറത്തിറങ്ങി ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്‌. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ ഇവിടേക്കും ഒഴുകിയെത്തി.

അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഞായറാഴ്ച രാവിലെ കാനത്തെ വീട്ടിലെത്തും.

പ്രമേഹത്തെ തുടർന്നു വലതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി അമൃത ആശുപത്രിയിൽ കഴിയുകയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു.

എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനും  നേതൃനിരയിലുള്ളപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ കാനം 1982 ൽ 32–ാം വയസ്സിൽ വാഴൂരിൽനിന്ന് എംഎൽഎയായി, 87 ലും തിരഞ്ഞെടുക്കപ്പെട്ടു.
പി.കെ.വാസുദേവൻ നായർക്കു ശേഷം കോട്ടയം ജില്ലയിൽനിന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം 2015 ൽ കോട്ടയത്തു തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആ പദവിയിൽ എത്തിയത്. പിന്നീട് മലപ്പുറം, തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും സെക്രട്ടറിയായി.

എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്കു വന്ന കാനം 1970 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 2 തവണ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്

Back to top button
error: