Fiction

മക്കളുടെ സ്വഭാവ രൂപികരണത്തിന് പട്ടാളച്ചിട്ടയിൽ ശ്രമിക്കുമ്പോൾ അവരുടെ സർഗാത്മകതയെക്കൂടി അത് ബാധിക്കുമെന്ന സത്യം വിസ്മരിക്കരുത്

ഹൃദയത്തിനൊരു ഹിമകണം 11

         ഒരു കുട്ടി പൂന്തോട്ടത്തിൽ കളിക്കുകയാണ്. ഒരു ചിത്രശലഭത്തെ അവൾക്ക് പിടിക്കണം. അവളുടെ കൈ ചിത്രശലഭത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാവുമ്പോഴേയ്ക്കും ശലഭം പറന്നു മാറും.
കുട്ടി പിന്നാലെ ഓടി തളർന്നു. ഒടുവിൽ ഒരു മരത്തണലിൽ കിടന്ന് ഉറക്കമായി. അപ്പോൾ ചിത്രശലഭം പറന്നു വന്ന് അവളുടെ നെറുകയിൽ ഇരുന്നു. ആഗ്രഹത്തെ അനുഗ്രഹം സ്പർശിക്കുന്നു എന്ന് പറയാം.

Signature-ad

നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളെയും അന്വേഷിക്കുന്നുണ്ടാവും.

നിങ്ങളുടെ മകനോ മകളോ അൽപം അലസതയോ ഉറക്കച്ചടവോ കാട്ടുന്നുണ്ടോ? അതിനോട് നിങ്ങൾ രൂക്ഷമായി പ്രതികരിക്കാറുണ്ടോ? നെൽപാടത്ത് ചീര വളരുന്നെങ്കിൽ അത് നെൽകർഷകന് ശല്യമാണ്. നെല്ല് വിള; ചീര കള. ചീര വിളയുന്നിടത്ത് നെല്ല് കളയാവും. ഏത് തള്ളണം, ഏത് കൊള്ളണം എന്ന തീരുമാനം വരമ്പത്തിരിക്കുന്നവന്റേതാണ്.

കള പറിക്കുമ്പോൾ വിളയെക്കൂടി ബാധിക്കാം. മകളുടെ മടി മാറ്റാൻ പട്ടാളച്ചിട്ടയിലൂടെ ശ്രമിക്കുമ്പോൾ അവൾക്കുള്ള സർഗാത്മകതയെക്കൂടി അത് ബാധിച്ചേക്കാം എന്ന സത്യം മറന്ന് പോകരുത്.

നിങ്ങൾക്ക് നിങ്ങളുടെ ഹൃദയവയലുകളിലെ കളകളോട് സമരസപ്പെടാമല്ലേ? എങ്കിൽ മക്കൾക്കും മറ്റുള്ളവർക്കും അത് പറ്റില്ല എന്ന് പറയുന്നത് എത്ര കണ്ട് ശരിയാവും എന്നും ഓർക്കുക.

അവതാരക: ബിജില ഹിൻസോ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: