ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
വീട്ടില്‍വെച്ച് സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.
ഡേവിഡിനെതിരേ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനല്‍കേസുകളുണ്ട്. പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേരുണ്ട്. വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ പിതാവാണെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് ഒരുമാസത്തിനിടെ ചെന്നൈയിലുണ്ടായ മൂന്നാമത്തെ മരണമാണിത്. നവംബര്‍ 14-ാം തീയതി കനഗരായതോട്ടം സ്വദേശിയായ എം. സതീഷ് എന്നയാള്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനുപിന്നാലെ മരിച്ചിരുന്നു. നവംബര്‍ 16-ന് ചൂലൈ സ്വദേശിയായ എന്‍. രാഹുല്‍ എന്ന കോളേജ് വിദ്യാര്‍ഥിയും സമാനമായരീതിയില്‍ മരിച്ചു. ഒരു ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് കോളേജ് വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചത്.