IndiaNEWS

തെലങ്കാനയുടെ രണ്ടാം മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു; വേദിയിൽ വച്ച് തന്നെ കോൺഗ്രസിന്‍റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ള ഫയലിൽ ഒപ്പുവച്ചു

ഹൈദരാബാദ്: തെലങ്കാനയുടെ രണ്ടാം മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ ആദ്യമുഖ്യമന്ത്രിയുമായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാർക്കയും മറ്റ് പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ നടന്ന വേദിയിൽ വച്ച് തന്നെ കോൺഗ്രസിന്‍റെ ആറ് ഗ്യാരന്‍റികളും നടപ്പാക്കാനുള്ള ഉത്തരവിലും ഭിന്നശേഷിക്കാരിയായ രജിനി എന്ന യുവതിക്ക് ജോലി നൽകാനുള്ള ഉത്തരവിലും ഒപ്പുവച്ചു..സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്‍റെ പേര് ബിആർ അംബേദ്കർ പ്രജാഭവൻ എന്ന് മാറ്റുന്നതായി പ്രഖ്യാപിച്ച രേവന്ത് റെഡ്ഡി, വസതിക്ക് മുന്നിലെ ഇരുമ്പ് കവാടങ്ങൾ മുറിച്ച് നീക്കി. ബാരിക്കേഡുകൾ മാറ്റിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ വേദിയിൽ വച്ച് തന്നെ കോൺഗ്രസിന്‍റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ള ഫയലിൽ ഒപ്പുവച്ചു. ഭിന്നശേഷിക്കാരിയായ രജിനിയ്ക്ക് ജോലി നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് ഉറപ്പ് നൽകിയിരുന്നു. ആ ഫയലിലും ഒപ്പ് വച്ചു. ഉത്തരവ് കൈമാറി.മല്ലികാർജുൻ ഖർഗെയും സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചടങ്ങിന് എത്തിയിരുന്നു. ഇന്ത്യാ ബ്ലോക്കിലെ പല നേതാക്കളെയും ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ ചൂണ്ടിക്കാട്ടി പലർക്കും എത്താനായില്ല. നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ പ്രജാ ദർബാറിന് രേവന്ത് തുടക്കമിടും. ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരം കാണുന്ന പരിപാടി ആഴ്ചയിലൊരിക്കലെങ്കിലും നടത്തും എന്നതും കോൺഗ്രസിന്‍റെ വാഗ്ദാനമായിരുന്നു.

Back to top button
error: