ലഖ്നൗ: ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയൻറ്സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റൽസ് നായകൻ ഗൗതം ഗംഭീർ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് വെളിപ്പെടുത്തി മലയാളി താരം ശ്രീശാന്ത്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ശ്രീശാന്ത് താനും ഗംഭീറുമായി നടന്ന വാക് പോരിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.
View this post on Instagram
ഗംഭീറിനെതിരെ ഒരു മോശം വാക്കും താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീർ തുടർച്ചയായി അപമാനിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. എന്നെ തുടർച്ചയായി ഫിക്സർ…ഫിക്സർ എന്നു വളിച്ചപ്പോഴും നിങ്ങളെന്താണ് പറയുന്നതെന്ന് പറഞ്ഞ് ചിരിച്ചൊഴിയാനാണ് ഞാൻ ശ്രമിച്ചത്. അമ്പയർമാർ ഇടപെട്ടിട്ടുപോലും ഗംഭീർ ഇത്തരത്തിൽ അപമാനിക്കുന്നത് തുടർന്നു. ഇതാണ് യഥാർത്ഥത്തിൽ ഗ്രൗണ്ടിൽ നടന്നത്. ആളുകൾ മറ്റ് പല വാദങ്ങളും പറയുന്നുണ്ടാകാം.
എനിക്ക് പിആർ പണി ചെയ്യാൻ ആളുകളില്ല. അതിനുള്ള പൈസയുമില്ല, ഞാനൊരു സാധാരണക്കാരനാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ലൈവിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും ശ്രീശാന്ത് വീഡിയോയിൽ പറഞ്ഞു. ഗംഭീറിന് പിആർ പണി ചെയ്യാൻ നിരവധി പേരുണ്ട്. അവർക്കായി പണം ചെലവാക്കാനും അദ്ദേഹത്തിന് കഴിയും. എനിക്കതിന് കഴിയില്ല. ഇതാണ് യഥാർത്ഥത്തിൽ ഗ്രൗണ്ടിൽ നടന്നത്. എന്നെ മാത്രമല്ല, മറ്റ് പലരോടും ഇത്തരത്തിലാണ് അദ്ദേഹം പെരുമാറുന്നത്. ഇതിനെ എനിക്ക് വേണമെങ്കിൽ വലിയ വിവാദമായി എടുക്കാം. പക്ഷെ ഞാനിതിവിടെ വിടുകയാണ്. അദ്ദേഹത്തിൻറെ ആളുകൾ അയാളെ സംരക്ഷിക്കാൻ ശ്രമിക്കും. അവരോട് എനിക്ക് പറയാനുള്ളത്, ദയവ് ചെയ്ത് അത് ചെയ്യരുതെന്നാണെന്നും ശ്രീശാന്ത് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസ് ഗുജറാത്ത് ജയൻറ്സിനെ 12 റൺസിന് തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസിനായി നായകൻ ഗൗതം ഗംഭീർ അർധസെഞ്ചുറിയുമായി തിളങ്ങി. ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്പോൾ ഗംഭീർ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരിൽ കലാശിച്ചത്.
2013ൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്ത് അടക്കം മൂന്ന് താരങ്ങലെ ബിസിസിഐ ആജീവനാന്തം വിലക്കിയിരുന്നു. രണ്ട് വർഷത്തിനുശേഷം കേസിൽ ശ്രീശാന്ത് കുറ്റവിമുക്തനായി. എന്നാൽ 2017ൽ കേരള ഹൈക്കോടതി ശ്രീശാന്തിൻറെ വിലക്ക് ശരിവെച്ചു. എന്നാൽ 2019ൽ സുപ്രീം കോടതി ശ്രീശാന്തിൻറെ വിലക്ക് റദ്ദാക്കി. പിന്നീട് ശ്രീശാന്തിൻറെ വിലക്ക് ഏഴു വർഷമായി ബിസിസിഐ കുറച്ചതിനെത്തുടർന്ന് 2020 മുതൽ ശ്രീശാന്ത് ക്രിക്കറ്റിൽ തിരിച്ചെത്തി. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിച്ച ശ്രീശാന്ത് കമൻറേറ്റർ എന്ന നിലയിലും സജീവമാണ്.
വീരു ഭായിയെപ്പോലുള്ള സീനിയർ കളിക്കാരെ പോലും ഗംഭീർ ബഹുമാനിക്കുന്നില്ലെന്നും. അതുതന്നെയാണ് തനിക്കെതിരെയും സംഭവിച്ചതെന്നും ശ്രീശാന്ത് ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു. സഹതാരങ്ങളെപ്പോലും ബഹുമാനിക്കുക്കാൻ അറിയാത്തയാൾ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനമാണുള്ളതെന്നും ശ്രീശാന്ത് ചോദിച്ചിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസടിച്ചപ്പോൾ ഗംഭീർ 30 പന്തിൽ 51 റൺസുമായി തിളങ്ങിയിരുന്നു. മൂന്നോവർ പന്തെറിഞ്ഞ ശ്രീശാന്ത് 35 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ജയൻറ്സിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുക്കാനെ കഴിഞ്ഞുള്ളു.