വയനാട്: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. ശശിമല ചോലിക്കര വടക്കെകണ്ണമംഗലത്ത് സ്റ്റെബിന്റെ (28) മൃതദേഹമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബുധനാഴ്ച രാത്രിയോടെ പുല്‍പ്പള്ളി ശശിമല ഇന്‍ഫന്റ് ജീസസ്പ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്.
മരണത്തില്‍ ദുരുഹതയുണ്ടന്നാരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തിലായിരുന്നു പോലീസ് അടിയന്തരമായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴച രാത്രിയോടെയാണ് മൃതദേഹം വീണ്ടും ബന്ധുക്കളുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സംസ്‌കരിച്ചത്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ബന്ധുക്കളുടെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് വൈത്തിരി തഹസില്‍ദാര്‍ ആര്‍എസ്സജി, മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പോലീസ് സര്‍ജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കല്‍പ്പറ്റ പോലീസ് മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. ചികിത്സയിലുണ്ടായ പിഴവാണ് മരണത്തിനു കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. മെഡിക്കല്‍ കോളജ് വകുപ്പ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പോലീസ് സര്‍ജന്റെയും അസിസ്റ്റന്റ് പോലീസ് സര്‍ജന്റേയും നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍.
കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സ്റ്റെബിന്‍ മരിക്കുന്നത്. മൂക്കില്‍ വളരുന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയതായിരുന്നു സ്റ്റെബിന്‍. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയ ശേഷം സ്റ്റെബിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.