ജയ്പുര്‍: രാജസ്ഥാനില്‍ രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേന ആഹ്വാനം ചെയ്ത ബന്ദില്‍ പലയിടത്തും സംഘര്‍ഷം. ചൊവ്വാഴ്ച സേന പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ വീട്ടിലെത്തിയ അക്രമിസംഘം വെടിവച്ചുകൊന്നതിനെത്തുടര്‍ന്നാണ് ഇന്ന് ബന്ദ് പ്രഖ്യാപിച്ചത്. ഗോഗമേദിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് പുറത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
ചുരു, ഉദയ്പുര്‍, ആല്‍വാര്‍, ജോധ്പുര്‍ എന്നിവിടങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. കൊലയാളികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ജയ്പുര്‍ ശ്യാം നഗറിലെ വീട്ടില്‍ സന്ദര്‍ശകരെ കാണുന്നതിനിടെ 3 പേരടങ്ങുന്ന സംഘമാണ് ഗോഗമേദിയെ വെടിവച്ചത്. സുഖ്‌ദേവിന്റെ അംഗരക്ഷകന്‍ തിരിച്ചു വെടിവച്ചതിനെ തുടര്‍ന്ന് അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഇപ്പോള്‍ കാനഡയിലുള്ള രോഹിത് ഗോദര കപുരിസര്‍, ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. എന്നാല്‍, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഉച്ചയ്ക്ക് ഒരുമണിയോടെ എത്തിയ സംഘം മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമാണ് അകത്തുകടന്നത്. പത്തു മിനിട്ടോളം സുഖ്‌ദേവ് സിങ്ങുമായി ഇവര്‍ സംസാരിക്കുന്നതിന്റെയും തുടര്‍ന്നു വെടിവയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെടിയേറ്റ സുഖ്‌ദേവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഖ്‌ദേവിന്റെ ഗണ്‍മാന്‍ നരേന്ദ്രന്‍ അടക്കം 3 പേര്‍ക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
സുഖ്‌ദേവിന്റെ അംഗരക്ഷകന്‍ തിരിച്ചു വെടിവച്ചതിനെ തുടര്‍ന്ന് അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടു. മറ്റു 2 പേര്‍ പുറത്തിറങ്ങി ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ വെടിവച്ച ശേഷം തട്ടിയെടുത്ത വണ്ടിയില്‍ രക്ഷപ്പെട്ടു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി ജയ്പുര്‍ പോലീസ് അറിയിച്ചു. കര്‍ണിസേനയ്ക്കു പിന്തുണയുള്ള ജില്ലകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.