KeralaNEWS

ഡിവൈഎഫ്ഐക്കാർ വീട്ടമ്മയുടെ ‘കഞ്ഞിയിൽ മണ്ണിട്ടു,’ അവർ പൊതിച്ചോർ വിതരണം തുടങ്ങിയതോടെ ആശുപത്രി കാന്റീൻ പൂട്ടാനൊരുങ്ങി നടത്തിപ്പുകാരി

    ഡിവൈഎഫ്ഐ പൊതിച്ചോർ നൽകാൻ തുടങ്ങിയതോടെ കാസർകോട് ജെനറൽ ആശുപത്രിയിലെ കാന്റീൻ പൂട്ടേണ്ട വക്കിലെന്ന് നടത്തിപ്പുകാരി കന്യ എന്ന വീട്ടമ്മ. മാസം 1.30 ലക്ഷം രൂപ വാടക നൽകിയാണ് താൻ കാന്റീൻ നടത്തുന്നതെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തന്റെ കഞ്ഞിയിൽ മണ്ണിട്ട അവസ്ഥയിലാക്കിയിരിക്കുന്നു എന്നും അവർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ് ഡിവൈഎഫ്ഐ കാസർകോട് ജെനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ആരംഭിച്ചത്. ഇതിന് മുമ്പ്  പൊതുപ്രവർത്തകനായ അശോകൻ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണം നടത്തിവന്നിരുന്നു. ജന്മദിനം ആഘോഷിക്കുന്നവരെയും വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും മറ്റ് ഉദാരമതികളെയും സമീപിച്ചാണ് അശോകൻ സൗജന്യമായി ജെനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഭവ സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്തുവന്നത്.

Signature-ad

ആർഭാടമായ ആഘോഷങ്ങൾ ഒഴിവാക്കി പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകാൻ ആ തുക ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുകയാണ് അശോകൻ ചെയ്തത്. അതിന് തയ്യാറാവുന്നവരോട് ഭക്ഷണ വിതരണത്തിന് നിശ്ചിത തുക വാങ്ങി കാന്റീനിൽ ഏൽപിച്ച് കാന്റീനിലെ ഭക്ഷണമാണ്  നൽകിയിരുന്നത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വന്നതോടെ അശോകൻ 23 വർഷമായി ചെയ്തുവന്ന തന്റെ സേവനം  അവസാനിപ്പിച്ചു.

ഇതോടെ തന്റെ കാന്റീൻ വരുമാനത്തിൽ 40,000 രൂപയുടെ ഇടിവുണ്ടായതായും തനിക്ക് കാന്റീൻ നടത്തിപ്പുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും കാന്റീൻ ഏറ്റെടുത്ത കന്യ പറഞ്ഞു. രോഗികൾക്ക് മാത്രമല്ല കൂട്ടിരിപ്പുകാർക്കും ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും വരെ ഡിവൈഎഫ്ഐ പൊതിച്ചോർ വിളിച്ചുനൽകുന്നുണ്ടെന്നും കന്യ കൂട്ടിച്ചേർത്തു.

 തന്റെ കാന്റീനിൽ 25 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ശമ്പളം നൽകാനും സർക്കാരിലേക്ക് വാടക ഇനത്തിൽ നൽകേണ്ട 1.30 ലക്ഷം രൂപ മാസം തോറും നൽകാനും ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിലാണ്. പുറത്തുനിന്ന് ആശുപത്രി ഭക്ഷണം എത്തിക്കരുതെന്ന് കാന്റീൻ കരാർ ഏറ്റെടുക്കുമ്പോൾ  ആശുപത്രി സൂപ്രണ്ടിനോട് പറഞ്ഞിരുന്നു. അത് അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും കന്യ വ്യക്തമാക്കി.

അതേസമയം ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലെന്നും കേരളത്തിൽ ഉടനീളം ആശുപത്രികളിൽ പൊതിച്ചോർ നൽകുന്ന ഡിവൈഎഫ്ഐയുടെ പദ്ധതി ജെനറൽ ആശുപത്രിയിലും നടപ്പാക്കുകയാണ് ചെയ്തതെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു കൗണ്ടറിൽ വന്ന് കൈനീട്ടുന്നവരോട് ഭക്ഷണം നൽകില്ലെന്ന് പറയാൻ കഴിയില്ല.

Back to top button
error: