IndiaNEWS

ഇന്ത്യ മുന്നണി യോഗം: നിതീഷും അഖിലേഷും മമതയും പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യാ മുന്നണിയുടെ യോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തേക്കില്ല. നിതീഷ് കുമാറിന് പകരം ജെഡിയു അധ്യക്ഷന്‍ ലലന്‍ സിങ്ങും ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും പങ്കെടുക്കുമെന്നാണ് വിവരം. അഖിലേഷ് യാദവിന് പകരം മറ്റ് നേതാക്കളായിരിക്കും പങ്കെടുക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജിയും സൂചിപ്പിച്ചിരുന്നു. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നും മമത പറഞ്ഞു. യോഗത്തില്‍, തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മറ്റാരെങ്കിലും പങ്കെടുക്കുമോയെന്നും വ്യക്തമല്ല. അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്കൊപ്പം ഇന്ത്യ മുന്നണിയുടെ മുന്‍ യോഗങ്ങളില്‍ മമത പങ്കെടുത്തിരുന്നു.

Signature-ad

2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കുന്നതിനായി ഇന്ത്യാ മുന്നണിയുടെ നേതാക്കള്‍ ഡിസംബര്‍ 6ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഡിസംബര്‍ 6ന് വൈകിട്ട് ചേരുന്ന യോഗത്തില്‍, ബിജെപിയെ കൂട്ടായി നേരിടാനുള്ള പദ്ധതികളെക്കുറിച്ച് നേതാക്കള്‍ ആലോചിക്കും.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചതും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകള്‍ ഇല്ലാതെ പോയതും കോണ്‍ഗ്രസിനു പറ്റിയ തെറ്റെന്ന് ജെഡിയുവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

Back to top button
error: