മലയാളത്തിൽ സമീപകാലത്ത് സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഏറ്റവും വൈവിധ്യം പുലർത്തുന്ന താരം മമ്മൂട്ടിയാണ്. അവയിൽ പലതും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നത്. മികച്ച അഭിപ്രായം നേടുന്നതിനൊപ്പം പല ചിത്രങ്ങളും ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കണ്ണൂർ സ്ക്വാഡ് ആയിരുന്നു മമ്മൂട്ടി കമ്പനിയുടേതായി അവസാനം തിയറ്ററുകളിലെത്തി പണം വാരി പോയ പടം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് കാതലും മികച്ച അഭിപ്രായത്തിനൊപ്പം കളക്ഷനും നേടുകയാണ്.
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ 23 നാണ് തിയറ്ററുകളിലെത്തിയത്. സ്വവർഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമെന്ന സൂചനകൾ റിലീസിന് മുൻപുതന്നെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഗൗരവമുള്ള വിഷയം പറയുന്ന ചിത്രം കാണികൾ എത്തരത്തിൽ സ്വീകരിക്കുമെന്ന് അണിയറക്കാർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം മുതൽ ചിത്രത്തിന് കൈയടികളാണ് ലഭിച്ചത്. ഭേദപ്പെട്ട ഓപണിംഗും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 11 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷനും ഷെയറും സംബന്ധിച്ച കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് പ്രകാരം ചിത്രം കേരളത്തിൽ നിന്ന് 11 ദിവസം കൊണ്ട് നേടിയ കളക്ഷൻ 9.10 കോടിയാണ്. നേടിയ ഷെയർ 4 കോടിയിൽ അധികവും. മലയാളത്തിൽ നിന്നുള്ള ഈ വർഷത്തെ റിലീസുകളിൽ 4 കോടിയിലധികം ഷെയർ നേടുന്ന എട്ടാമത്തെ സിനിമയായിരിക്കുകയാണ് കാതൽ. ഗൗരവമുള്ള കഥ പറഞ്ഞെത്തിയ ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച സംഖ്യകളാണ് ഇത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അടക്കമുള്ള ചിത്രങ്ങൾ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. ജ്യോതികയാണ് ചിത്രത്തിലെ നായിക.