ഭോപ്പാല്‍: രാഹുല്‍ ഗാന്ധി നയിച്ച ‘ഭാരത് ജോഡോ യാത്ര’ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്നു പ്രതീക്ഷിച്ച കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ കനത്ത തിരിച്ചടി. സംസ്ഥാനത്ത് യാത്ര കടന്നുപോയ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയം നേരിട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലു വരെയായിരുന്നു മധ്യമപ്രദേശില്‍ ഭാരത് ജോഡോ യാത്ര കടന്നുപോയത്. സംസ്ഥാനത്ത് ആറു ജില്ലകളിലായി 380 കിലോമീറ്റര്‍ രാഹുല്‍ പദയാത്ര നടത്തി. 21 മണ്ഡലങ്ങളിലൂടെയായിരുന്നു രാഹുലിന്റെ യാത്ര.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ 14 എണ്ണത്തിലായിരുന്നു ബിജെപി വിജയിച്ചത്. ഏഴിടത്ത് കോണ്‍ഗ്രസിനു ജയം നേടാനായി. ഇത്തവണ പക്ഷേ 17 മണ്ഡലങ്ങളിലും ബിജെപി വിജയക്കൊടി നാട്ടി. നാലു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയാണ് സംസ്ഥാനത്ത് ബിജെപി ഭരണം നിലനിര്‍ത്തിയത്. 230 നിയമസഭാ സീറ്റില്‍ 163 ലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന് 66 സീറ്റു മാത്രമാണ് നേടാനായത്. 48.55 ശതമാനം വോട്ടാണ് മധ്യപ്രദേശില്‍ ബിജെപി നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴു ശതമാനം അധികമാണിത്. കോണ്‍ഗ്രസ് 40.40 ശതമാനം വോട്ടു നേടി. 2018നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.