IndiaNEWS

രാവിലെ ‘മുഖ്യമന്ത്രി’ കമല്‍നാഥിന് അഭിവാദ്യമര്‍പ്പിച്ച് ബാനര്‍; പിന്നാലെ ശോകമൂകമായി കോണ്‍ഗ്രസ് ഓഫീസ്

ഭോപ്പാല്‍: എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിട്ടും ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. 2018ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടുപോയ അധികാരം തിരിച്ചുപിടിക്കാമെന്ന മോഹവും വ്യാമോഹമായി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞത് കോണ്‍ഗ്രസിന്റെ ആത്മിശ്വാസത്തെ കുറച്ചൊന്നു കെടുത്തിയെങ്കിലും തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു പാര്‍ട്ടി.

വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനം വിജയപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതിനു മുന്നോടിയായിട്ടാണ് കമല്‍നാഥിനെ രണ്ടാം തവണയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചുകൊണ്ടുള്ള ബാനറുകള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. ”മുഖ്യമന്ത്രി കമല്‍നാഥിന് അഭിനന്ദനങ്ങള്‍’ എന്നെഴുതിയ പോസ്റ്റര്‍ ഭോപ്പാലിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്തും പതിച്ചിരുന്നു.പോസ്റ്റല്‍ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ കമല്‍നാഥ്. ”ഒരു ടെന്‍ഡ്രും ഞാന്‍ കണ്ടില്ല. 11 മണിവരെ ട്രെന്‍ഡുകളൊന്നും നോക്കേണ്ടതില്ല. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, എനിക്ക് വോട്ടര്‍മാരെ വിശ്വസിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Signature-ad

വോട്ടെണ്ണലിന് മുന്നോടിയായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എക്സില്‍ അഭിനന്ദന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ‘എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. എല്ലാ കോണ്‍ഗ്രസ് കൗണ്ടിംഗ് ഏജന്റുമാരും ജാഗ്രത പാലിക്കാനും നീതിയുക്തമായ വോട്ടെണ്ണല്‍ നടത്താനും അഭ്യര്‍ത്ഥിക്കുന്നു’ എന്നായിരുന്നു മുന്‍മുഖ്യമന്ത്രി ദിഗ്വിജയ സിംഗിന്റെ പ്രതികരണം. ”തെരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ പ്രതീക്ഷയെക്കാള്‍ മികച്ചതായിരിക്കും. ഞങ്ങള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്തുകയാണ്. മധ്യപ്രദേശില്‍ ഞങ്ങള്‍ അധികാരം തിരിച്ചുപിടിക്കുകയും തെലങ്കാനയില്‍ അധികാരം നേടുകയും ചെയ്യും,’ മറ്റൊരു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

 

Back to top button
error: