ആസ്തികള്‍ വിറ്റ് തീര്‍ക്കാനാകാത്ത വിധം അതെല്ലാം പലയിടങ്ങളിലായി പണയത്തിലാണ്. ഇടയ്ക്ക് തുടങ്ങിയ ബിരിയാണിക്കച്ചവടവും മത്സ്യവില്പന സ്റ്റാളും പച്ചപിടിച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ പത്ത് ലക്ഷം രൂപ പെട്ടെന്ന് ആവശ്യമായി. ഈ തുക കടമായി പലരോടും ചോദിച്ചെങ്കിലും കിട്ടിയില്ല.
പിന്നീടാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി സജീവമാക്കിയത്.കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാമെന്ന കുബുദ്ധിയുടെ ഉറവിടം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഒരു വര്‍ഷം മുമ്ബ് പെട്ടെന്ന് പണം സംഘടിപ്പിക്കാനുള്ള ആലോചനകള്‍ തുടങ്ങിയപ്പോള്‍ അനിതകുമാരിയാണ് പദ്ധതി മുന്നോട്ടുവച്ചത്.
കുറ്റകൃത്യത്തില്‍ പദ്മകുമാറും ഭാര്യയും മകളും മാത്രമാണ് പ്രതികള്‍ എന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ, പൊലീസ് പുറത്തുവിട്ട ആദ്യ രേഖാചിത്രത്തിലെ ആളെവിടെ എന്ന ചോദ്യവും ഉയരുന്നു. കിഴക്കനേലയിലെ കടയുടമയായ ഗിരിജാകുമാരി നല്‍കിയ സൂചനകളില്‍ നിന്നാണ് ആദ്യ രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്. എന്നാല്‍, പദ്മകുമാറും കുടുംബവും പിടിയിലായതിന് പിന്നാലെ ഈ രേഖാചിത്രത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഗിരിജാകുമാരി ഒഴിഞ്ഞു മാറുകയാണ്.