ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ ഭാര്യയും സുഹൃത്തും ഇവരുടെ സഹായിയും അറസ്റ്റില്‍. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ദഹേലി സുജന്‍പുര്‍ സ്വദേശി രാജേഷ് ഗൗതം (40) മരിച്ച സംഭവത്തിലാണ് ഭാര്യ ഊര്‍മിള കുമാരി (32), കാമുകന്‍ ശൈലേന്ദ്ര സോങ്കര്‍ (34), ഇവരുടെ സഹായി വികാസ് സോങ്കര്‍ (34) എന്നിവര്‍ പിടിയിലായത്. നാലാം പ്രതി സുമിത് കതേരിയയ്ക്കായി തിരച്ചില്‍ നടക്കുകയാണ്.
നവംബര്‍ 4നു കൊയ്ല നഗറിലെ സ്വര്‍ണ ജയന്തി വിഹാറിലുണ്ടായ വാഹനാപകടത്തിലാണ് രാജേഷ് ഗൗതം മരിച്ചത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. മഹാരാജ്പുരിലെ സുബൗലി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ അധ്യാപകനായ രാജേഷ്, രാവിലെ നടക്കാന്‍ പോയപ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മരത്തിലിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നയാള്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു,
സംഭവത്തിനു പിന്നാലെ രാജേഷിന്റെ ഭാര്യ ഊര്‍മിള പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിശോധനയില്‍ ഇത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയ പൊലീസ്, അന്വേഷണത്തിനായി നാലു സംഘങ്ങളെ വിന്യസിച്ചു. സിസി ടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെയാണ് രാജേഷിന്റെ ഭാര്യ ഊര്‍മിളയ്ക്കും ഇവരുടെ കാമുകന്‍ ശൈലേന്ദ്ര സോങ്കറിനും മറ്റു രണ്ടു പേര്‍ക്കും ഇതില്‍ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയത്.
രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്തശേഷം, ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഊര്‍മിള കൊലപാതകം ആസൂത്രണം ചെയ്തത്. അധ്യാപകനായിരുന്ന രാജേഷ് ഇതിനു പുറമെ റിയല്‍ ഇസ്റ്റേറ്റ് ബിസിനസ് ഉള്‍പ്പെടെയും നടത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഊര്‍മിള കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.