KeralaNEWS

ബീച്ച് മാത്രമല്ല, കോവളത്തെ പ്രധാന കാഴ്ചകൾ ഇതൊക്കെയാണ്

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും 16 കിലോമീറ്റർ മാത്രം ദൂരെ അറബിക്കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്.
 
പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി വിദേശീയരടക്കം സ്വദേശീയരുമടക്കം നിരവധി പേർ എത്തുന്നുണ്ട്.

പാറകൾ നിറഞ്ഞതീരമായതിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്.
പ്രധാന തീരം കൂടാതെ മൂന്നു ബീച്ചുകളായി കോവളത്തെ തിരിക്കാം. അതിൽ പ്രധാനപ്പെട്ടത് ലൈറ്റ് ഹൗസ് ബീച്ചാണ്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിവയാണ് മറ്റു രണ്ടെണ്ണം. കരിങ്കൽ കൂട്ടത്തിനു മുകളിലായാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഉയരമുള്ള പാറകൾ നിറഞ്ഞ തീരമുണ്ട് ഹവ്വ ബീച്ചിന്. ചെറു കപ്പലുകളും മത്സ്യബന്ധനത്തിനു പോകുന്നവരുടെ ബോട്ടുകളും ഈ തീരത്തു നിന്നാൽ ദൃശ്യമാകും. കടലിന്റെ മനോഹാരിത കൂടുതൽ അടുത്തു നിന്ന് ആസ്വദിക്കാം എന്നുള്ളതാണ് ഹവ്വ ബീച്ചിന്റെ പ്രത്യേകത.
 തീരത്തോടു നീണ്ടുകിടക്കുന്ന മുനമ്പമുള്ള ബീച്ചാണ് സമുദ്ര.ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം. ആയൂർവേദ സ്പായുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും  പ്രശസ്തമാണ് ഇവിടം.

കോവളം ബീച്ച്

രാവുറങ്ങാത്ത,ആഘോഷങ്ങളവസാനിക്കാത്ത ഇടമാണ് കോവളം ബീച്ചും പരിസരവും. ചിലവ് കുറഞ്ഞ താമസസൗകര്യങ്ങൾ , ഏറ്റവും മികച്ച കടൽക്കാഴ്ച നല്കുന്ന കോട്ടേജുകളും റിസോർട്ടുകളും എല്ലാം ഇവിടെയുണ്ട്. ബ്രീട്ടീഷുകാരാണ് ഒരു സാധരണ മത്സ്യബന്ധന ഗ്രാമമമായിരുന്ന കോവളത്തിനെ ഇന്നു കാണുന്ന അന്താരാഷ്ട്ര നിലവാരമുള്ള ബീച്ചാക്കി മാറ്റിയത്. നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

ത്രീ ക്രസന്‍റ് ബീച്ച്

 കോവളത്തെ കാഴ്ചകളിൽ ഏറ്റവും കൂടുതൽ ആകർഷണീമായിട്ടുള്ളതാണ് ഇവിടുത്തെ മൂന്നു ബീച്ചുകൾ ചേരുന്ന ത്രീ ക്രസന്‍റ് ബീച്ചുകൾ. ഹവാ ബീച്ച്, ലൈറ്റ്ഹൗസ് ബീച്ച്, സമുദ്ര ബീച്ച് എന്നീ മൂന്നു ബീച്ചുകളെയാണ് ക്രസന്‍റ് ബീച്ചെന്നു പറയുന്നതെങ്കിലും ഇവ മൂന്നൂം ചേരുന്നതാണ് ശരിക്കും കോവളം ബീച്ച്. ഇത് കൂടാതെ കോവളം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന അശോക ബീച്ചും ഇവിടെയുണ്ട്. പേരുപോലെതന്നെ ചന്ദ്രക്കലയുടെ ആകൃതിയിൽ കിടക്കുന്ന ബീച്ചുകൾ പാറക്കെട്ടുകളാൽ വിഭജിക്കപ്പെട്ടുകിടക്കുന്നു.

സമുദ്ര ബീച്ച്

കോവളത്തെ ബീച്ചുകളിൽ ഏറ്റവും സ്വകാര്യമായ ബീച്ച് എന്നു വേണമെങ്കിൽ സമുദ്ര ബീച്ചിനെ വിശേഷിപ്പിക്കാം. ഏറ്റവും പ്രസിദ്ധമായ ബീച്ച് ആണെങ്കിലും പൊതുവെ ഒട്ടും തിരക്ക് ഇവിടെ അനുഭവപ്പെടാറില്ല. അതുകൊണ്ടുതന്നെ ഹണിമൂൺ ആഘോഷിക്കുന്നവർ ഇവിടം തിരഞ്ഞെടുക്കാറുമുണ്ട്. ഇവിടുത്തെ മറ്റുബീച്ചുകളെയപേക്ഷിച്ച് ബഹളങ്ങൾ കുറവാണെന്ന പ്രത്യേകതയും സമുദ്ര ബീച്ചിനുണ്ട്. അശോക ബീച്ചിന്റെ വടക്കു ഭാഗത്തായാണ് സമുദ്രയുള്ളത്.

Signature-ad

 

ലൈറ്റ്ഹൗസ് ബീച്ച്

കോവളത്തെ ഏറ്റവും ജനപ്രിയ ബീച്ചാണ് ലൈറ്റ് ഹൗസ് ബീച്ച്. തിരുവനന്തപുരത്തിന്റെ കടൽത്തീരം ആസ്വദിക്കുവാനും വിശാലമായ കടൽക്കാഴ്ചകൾ കാണുവാനും പറ്റിയ സമയമാണിത്. ഇവിടെ ലൈറ്റ് ഹൗസിനു മുകളിൽ കയറി നിൽക്കുന്ന മറ്റൊരു രസകരമായ യാത്രാനുഭവമാണ്.

 

വിഴിഞ്ഞം ഹാർബർ

കോവളം യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് രണ്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം. പരമ്പരാഗത മത്സ്യ ബന്ധന ഗ്രാമമായ ഇവിടം ഇന്ന് തിരുവനന്തപുരത്തെ തിരക്കേറിയ മത്സ്യബന്ധന തുറമുഖം കൂടിയാണ്. വിഴിഞ്ഞം ഫിഷിങ് ഹാർബര്‌ എന്നാണിത് അറിയപ്പെടുന്നത്. ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള ഈ ബീച്ചിന് സമീപം വേറെയും നിരവധി കാഴ്ചകൾ കാണാനുണ്ട്. വിഴിഞ്ഞം ഗുഹാ ക്ഷേത്രം, സെന്റ് മേരിസ് കത്തോലിക്കാ പള്ളി, മുസ്ലിം പള്ളി,,മറൈന്‍ അക്വേറിയം തുടങ്ങിയവ ഉദാഹരണം.

 

വിഴി‍ഞ്ഞം ലൈറ്റ് ഹൗസ്

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും പേരുകേട്ടതുമായ ലൈറ്റ് ഹൗസുകളിലൊന്നാണ് വിഴി‍ഞ്ഞം ലൈറ്റ് ഹൗസ്. കോവളത്തെ കാഴ്ചാ വിസ്മയങ്ങളിലൊന്നായ ഇവിടം കോവളത്തെത്തുന്നവർ വിട്ടുപോകാതെ വന്നെത്തുന്ന സ്ഥലം കൂടിയാണ്. കോവളം ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു എന്നതും ഇവിടേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കുന്നു. ഈ വിളക്കുമാടത്തിന്റെ മുകളിൽ കയറിയാൽ കോവളം ലൈറ്റ് ഹൗസ് ബീച്ച്, എടക്കല്ലു പാറക്കൂട്ടങ്ങൾ, ഈവ്സ് ബീച്ച് അഥവാ ഹവാ ബീച്ച് തുടങ്ങിയവ കാണാം.
രാവിലെ 10.00 മുതല്‍ 12.45 വരെയും ഉച്ചകഴിഞ്ഞ് 2.00 മുതല്‍ 5.45 വരെയുമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇവിടെ അവധിയായിരിക്കും.

 

ചൊവ്വര ഗ്രാമം

വിഴിഞ്ഞത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു മത്സ്യബന്ധന ഗ്രാമമാണ് ചൊവ്വര. നീണ്ടുകിടക്കുന്ന കടൽത്തീരമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. തീർത്തും ആളുകളില്ലാത്തതും തിരക്ക് അനുഭവപ്പെടാത്തതുമായ ഈ ഗ്രാമത്തില്‍ നിങ്ങൾക്ക് മറ്റൊരിടത്തും ലഭിക്കാത്ത ശാന്തത അനുഭവിക്കാം. കോവളം-പൂവാര്‍ തീരദേശ പാതയുടെ തെക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

 

വലിയതുറ

 

തിരുവനന്തപുരത്തെ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ വലിയതുറ ബീമാപള്ളിക്കും ശംഖുമുഖത്തിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാല്തത് വിഴിഞ്ഞത്തേക്കാൾ പ്രാധാന്യമുണ്ടായിരുന്നു വലിയതുറയ്ക്കെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. വലിയതുറ കടൽപ്പാലമാണ് ഇവിടുത്തെ കാഴ്ച. ഏകദേശം അറുപത് വര്‍ഷത്തോളം പഴക്കമുണ്ടിതിന്. കോവളത്ത് നിന്ന് പത്ത്കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്.

Back to top button
error: