കൊല്ലം: കൊട്ടിയത്തെ വിദേശവനിതയുടെ കൊലപാതകം വിശ്വസിക്കാനാകാതെ അയല്‍ക്കാരും നാട്ടുകാരും. പോലീസും ജനപ്രതിനിധികളുമൊക്കെ സ്ഥലത്തെത്തുമ്പോഴാണ് തൊട്ടടുത്തു നടന്ന കൊലപാതകം നാട്ടുകാരറിയുന്നത്. ചെറുപുഞ്ചിരിയോടെ എല്ലാവരോടും സൗഹൃദം കാട്ടുന്ന വിദേശവനിതയെ നാട്ടുകാര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. ഭാഷ പ്രശ്നമായതിനാല്‍ സംസാരം കുറവായിരുന്നു.
ഇസ്രയേല്‍ സ്വദേശിയായ രാധ എന്നു വിളിക്കുന്ന സത്വാ(36)യെ ഒരുവര്‍ഷംമുമ്പാണ് യോഗാചാര്യനായ കൃഷ്ണചന്ദ്രന്‍ (75) ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഉത്തരാഖണ്ഡില്‍വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. കൃഷ്ണചന്ദ്രനില്‍നിന്ന് യോഗ അഭ്യസിക്കാന്‍ എത്തിയ സത്വാ പിന്നീട് ഇയാള്‍ക്കൊപ്പം താമസിക്കുന്നതിനാണ് കേരളത്തിലെത്തുന്നത്. കൃഷ്ണചന്ദ്രന്റെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇരുവരും ഏറെ അടുപ്പത്തിലായിരുന്നതായി ഒപ്പം താമസിക്കുന്നവരും പറയുന്നു.
വ്യാഴാഴ്ച മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിലും കൃഷ്ണചന്ദ്രനെ കുത്തേറ്റ നിലയിലുമാണ് കണ്ടെത്തിയത്. സത്വയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം കൃഷ്ണചന്ദ്രന്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കോടാലിമുക്കിനു തെക്കുവശം പൊതുവിതരണ കേന്ദ്രത്തിനുസമീപം തിരുവാതിരയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍.
അതേസമയം, വിദേശവനിത ഒരുവര്‍ഷമായി പോലീസ് സ്റ്റേഷനില്‍നിന്ന് ഏറെ ദൂരെയല്ലാത്ത മുഖത്തല കോടാലിമുക്കില്‍ താമസമായിട്ടും സ്പെഷ്യല്‍ ബ്രാഞ്ചിനോ പോലീസിനോ വിവരം ലഭിച്ചില്ല. ഇത് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ഗുരുതരവീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദേശികളെത്തിയാല്‍ താമസിക്കുന്നതിനു തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെ ചോദ്യംചെയ്താല്‍ മാത്രമേ ഇസ്രയേല്‍ വനിതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.