ആദ്യത്തെ മിനുട്ടിൽ തന്നെ ഗോൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ എഫ്‌സി ഞെട്ടിച്ചതിനു ശേഷം ടീമിന്റെ തിരിച്ചുവരവിന് കാരണക്കാരനായത് പെപ്ര തന്നെയായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച പെനാൽറ്റി പെപ്ര നേടിയെടുത്തതാണ്. ചെന്നൈയിൻ എഫ്‌സി പ്രതിരോധതാരത്തെ പ്രെസ് ചെയ്‌തതിന് ശേഷം പന്തുമെടുത്തു മുന്നേറുന്നതിനിടെയാണ് പെപ്ര ഫൗൾ ചെയ്യപ്പെട്ടത്. കിക്കെടുത്ത ദിമിത്രിസ് പിഴവൊന്നും കൂടാതെ അത് വലയിലെത്തിക്കുകയും ചെയ്‌തു.
അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോൾ വഴങ്ങിയപ്പോൾ ടീമിന് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷകൾ നൽകിയതും ഘാന താരം തന്നെയാണ്.തന്റെ നേർക്ക് വന്ന അഡ്രിയാൻ ലൂണയുടെ ഒരു ഷോട്ട് കാലിലൊതുക്കിയ താരം അതേവേഗതയിൽ ഒരു ഇടംകാൽ ഷോട്ടിലൂടെ അത് ചെന്നൈയിന്റെ വലയിൽ എത്തിക്കുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ ആദ്യത്തെ ഗോൾ താരം കുറിച്ചതോടെയാണ് തിരിച്ചു വരാൻ കഴിയുമെന്ന ആത്മവിശ്വാസം ടീമിനുണ്ടായത്.ആ സമയം കേരള ബ്ലാസ്റ്റേഴ്സ് 3-1 എന്ന സ്കോറിന് വളരെ പരിതാപകരമായ ഒരവസ്ഥയിലാണുണ്ടായിരുന്നത്.ഈ ഗോളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് 3-2 എന്ന രീതിയിൽ ആദ്യപകുതിയിൽ പിരിഞ്ഞത്.
രണ്ടാം പകുതിയിൽ പിറന്ന ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഗോൾ ദിമിത്രിയോസിനു മാത്രം അവകാശപ്പെട്ടതായിരുന്നെങ്കിലും അതിന് പിന്നിലും പെപ്രയാണ് ഉണ്ടായിരുന്നത്. രണ്ടാം പകുതിയിൽ ചെന്നൈ പ്രതിരോധത്തിൽ നിന്നും അതിസമർത്ഥമായി പന്തു തട്ടിയെടുത്ത പെപ്ര ഓടിക്കയറിയ അഡ്രിയാൻ ലൂണക്ക് പന്ത് മറിച്ചു നൽകി.ലൂണ ഈ പന്ത് ദിമിത്രിയോസിന് മറിച്ച് നൽകുകയായിരുന്നു(3-3)
മത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിൽ പെപ്രയെ പിൻവലിച്ചതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ കുറഞ്ഞുവെന്നതും ഇതിനൊപ്പം ചേർത്തു വെക്കേണ്ടതാണ്. മുഴുവൻ സമയവും ഊർജ്ജസ്വലനായി കളിക്കുന്ന താരം നടത്തുന്ന പ്രെസിങ്ങിൽ ഉണ്ടാകുന്ന സ്‌പേസുകൾ സഹതാരങ്ങൾക്ക് നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്നതായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.
ഗോളുകൾ കൊണ്ടു മാത്രം ഒരു താരത്തെ കളിക്കളത്തിൽ അളക്കാൻ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസത്തെ പെപ്രയുടെ പ്രകടനം. ഈ ഗോളോടെ കൂടുതൽ ആത്മവിശ്വാസം പെപ്രക്ക് ലഭിച്ചിട്ടുണ്ടാകും എന്നുറപ്പാണ്.