തൃശൂര്‍: തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ യുവാവിനെ ചവിട്ടി കൊന്ന കേസില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണേശന്‍ മകന്‍ സത്യരാജ്(32) പാലക്കാട് വാഴക്കാക്കുടം സ്വദേശി പരമശിവ മകന്‍ ബാബു(36) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡി. ജില്ലാ ജഡ്ജ് കെ. ഇ. സ്വാലിഹ് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 16 നു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ശക്തന്‍ സ്റ്റാര്‍ഡില്‍ വെച്ച് തങ്ങളുടെ കൂടെയുള്ള സ്തീകളെ കളിയാക്കി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് പ്രതികള്‍ നെല്ലിയാംപതി സ്വദേശി ചന്ദ്രമല എസ്റ്റേറ്റ് സ്വദേശി ബേബി മകന്‍ ജയനെ(40) ചവിട്ടിയും ഇടിച്ചും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. അവശനിലയിലായ ജയനെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയൻ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ഡി എന്‍ എ ടെസ്റ്റ് നടത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
തൃശൂര്‍ ഈസ്റ്റ് സി.ഐ ലാല്‍ കുമാറിന്‍റെ നടത്തിയ അന്വേഷണത്തില്‍ സി സി ടി വി ദൃശ്യങ്ങളും ഡി എന്‍ എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളും നിര്‍ണ്ണായകമായി. ദൃക്‌സാക്ഷിളെല്ലാം കൂറു മാറിയ കേസിന്റെ വിചാരണയില്‍ ശാസ്ത്രിയ തെളിവുകളാണ് പ്രതികളെ കുടുക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 19 സാക്ഷിളെ വിസ്തരിക്കുകയും 45 ഓളം തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ:കെ.ബി. സുനില്‍ കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.