മലപ്പുറം: മുപ്പതു വര്‍ഷം മുമ്പ് വേങ്ങര യാഥാസ്ഥികരുടെ കേന്ദ്രമായിരുന്നു എന്ന പരാമര്‍ശവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സ് വേങ്ങരയിലെത്തിയപ്പോള്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ വംശീയധ്വനിയുള്ള പരാമര്‍ശം. വേങ്ങരയില്‍ റവന്യൂമന്ത്രി കെ രാജന്‍ നടത്തിയ പ്രസംഗഭാഗം പങ്കുവച്ച് മന്ത്രി എഴുതിയ കുറിപ്പിങ്ങനെ;
”വേങ്ങര…മുപ്പതു വര്‍ഷം മുന്‍പ് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ പഠിക്കുമ്പോള്‍ കലാകാരന്‍ കൂടിയായ വേങ്ങര ബാപ്പുവേട്ടന്റെ നേതൃത്വത്തില്‍ സെംഘടിപ്പിക്കാറുള്ള ചില പൊതുയോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്, വേങ്ങരയില്‍. ..അന്നീ പ്രദേശങ്ങള്‍ യാഥാസ്ഥിതികരുടെ കേന്ദ്രമായിരുന്നു. …..ഇന്നീ നവകേരളസദസ്സില്‍ പിണറായിയെ കാണാന്‍, കേള്‍ക്കാന്‍, ഞങ്ങളെ കേള്‍ക്കാന്‍ വന്ന മഹാജനങ്ങളെ കണ്ട് ആഗ്രഹിച്ചു പോകുന്നു…. ഇതു കാണാന്‍ സ വേങ്ങര ബാപ്പു ഉണ്ടായിരുന്നെങ്കില്‍.”
പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേര്‍ കമന്റില്‍ അഭിപ്രായം രേഖപ്പെടുത്തി. ‘പിണറായിയെ കാണാന്‍ വന്നവര്‍ എല്ലാം പുരോഗമനപക്ഷം, കമ്യൂണിസത്തില്‍ നിന്ന് അകന്നു നിന്നിരുന്നവര്‍ എല്ലാം യാഥാസ്ഥികര്‍. നിങ്ങള്‍ക്ക് എന്നാണ് നേരം വെളുക്കുക’ എന്നാണ് യെച്ചു രമ എന്ന യൂസര്‍ എഴുതിയത്.
”ആരാണ് ഈ യാഥാസ്ഥികര്‍ എന്നതുകൊണ്ട് മാഡം ഉദ്ദേശിച്ചത്? അവര്‍ക്ക് മാറ്റമുണ്ടായി എന്ന താങ്കളുടെ പ്രത്യാശ നിര്‍ഭരമായ എഴുത്ത് പിണറായിയെ കാണാന്‍ വന്നു എന്നതാണോ? മലപ്പുറമായതുകൊണ്ട് എഴുന്നള്ളിയ പദപ്രയോഗമല്ലേ ഈ ‘യാഥാസ്ഥികത’? കഷ്ടം തന്നെ!” – എന്നാണ് എന്‍.എസ് അബ്ദുല്‍ ഹമീദ് കമന്റായി കുറിച്ചത്.
മന്ത്രിയുടെ പരാമര്‍ശം വംശീയമാണെന്ന് അഭിഭാഷകനായ അമീന്‍ ഹസന്‍ ആരോപിച്ചു. മുന്‍വിധികള്‍ മാറിയാലേ ഇതില്‍ മാറ്റമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ;
”ആരാണ് മന്ത്രി ഈ പറയുന്ന യാഥാസ്ഥിതികര്‍?
ഇങ്ങനെ കേരളത്തിലെ മറ്റ് ഏതെങ്കിലും ഒരു ജനസമൂഹം താമസിക്കുന്ന ഇടത്തെ കുറിച്ച് അവര്‍ പറയുമോ? എന്താണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വരുന്നതിലൂടെ സംഭവിക്കുന്ന മാറ്റമായി അവര്‍ കാണുന്നത്? മലപ്പുറത്തെ കുറിച്ചുള്ള ഈ തരം വംശീയ നോട്ടങ്ങള്‍ എത്ര വിലയുള്ള കണ്ണാടി വെച്ചാലും മാറില്ല. അത് അകത്തെ ദുഷിച്ച മുന്‍വിധികള്‍ തന്നെ മാറണം.”