മലേഷ്യ: തായ്ലൻഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും. ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിൽ പ്രവേശിക്കാൻ മുൻകൂർ എൻട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം രംഗത്ത് നിന്ന് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള മലേഷ്യയുടെ നീക്കങ്ങളാണ് പുതിയ തീരുമാനത്തിന് പിന്നിൽ.
ഇന്ത്യക്കാരും ചൈനീസ് പൗരന്മാരുമാണ് മലേഷ്യയിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു ഭാഗവും. കൂടുതൽ ഇന്ത്യക്കാരെ ആകർഷിച്ച് ഈ രംഗത്തു നിന്നുള്ള വരുമാന വർദ്ധനവാണ് മലേഷ്യയുടെ പുതിയ തീരുമാനത്തിന് പിന്നിലും. ഡിസംബർ ഒന്നാം തീയ്യതി പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം മലേഷ്യയിൽ താമസിക്കാം. തന്റെ പാർട്ടിയായ പീപ്പൾസ് ജസ്റ്റിസ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. സുരക്ഷാ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലേഷ്യയ്ക്ക് പിന്നാലെ ഇന്ത്യക്കാർക്കും ചൈനീസ് പൗരന്മാർക്കും വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള പ്രഖ്യാപനം വിയെറ്റ്നാമും ഉടൻ നടത്തുമെന്നാണ് സൂചന. ഇന്ത്യക്കാർക്ക് പുറമെ ചൈനീസ് പൗരന്മാർക്കും വിയറ്റ്നാം വിസാ രഹിത പ്രവേശനം അനുവദിക്കും. നിലവിൽ ജർമനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, സ്‍പെയിൻ, ഡെന്മാർക്ക്, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിയറ്റ്നാമിൽ വിസാ രഹിത പ്രവേശന അനുമതി നൽകുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 90 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഇലക്ട്രോണിക് വിസകളാണ് നിലവിൽ നൽകുന്നത്.
ഇന്ത്യക്കാർക്കും തായ്വാനിൽ നിന്നുള്ളവർക്കും വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ മാസം തായ്ലന്റും പ്രഖ്യാപിച്ചിരുന്നു. നവംബർ പത്ത് മുതൽ അടുത്ത വർഷം മേയ് 10 വരെ ആറ് മാസത്തേക്കാണ് വിസാ നിബന്ധനകളിലെ ഈ ഇളവ്. സന്ദർശകരുടെ എണ്ണം കണക്കിലെടുത്ത് ടൂറിസം താത്പര്യങ്ങൾ മുൻനിർത്തി തന്നെയായിരുന്നു ഈ പ്രഖ്യാപനവും. ശ്രീലങ്കയും പരീക്ഷണ അടിസ്ഥാനത്തിൽ അടുത്ത വർഷം മാർച്ച് 31 വരെയാണ് വിസാ രഹിത പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യക്കാർക്കും ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.