തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തര ഇടപെടല്‍. ജില്ലാ ട്രൈബര്‍ ഓഫീസര്‍ ഉടന്‍ സ്ഥലത്തെത്താന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ നിര്‍ദേശിച്ചു. എത്രയും വേഗം വൃദ്ധയെ പുറത്തെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രധാന പാതയില്‍ നിന്നും 4 കിലോമീറ്റര്‍ ഉള്‍വനത്തിലാണ് വീരന്‍കുടി ഊര് സ്ഥിതി ചെയ്യുന്നത്.
കാല്‍നടയായി മാത്രമേ ഇവിടെ താമസിക്കുന്നവര്‍ക്ക് റോഡിലേക്ക് എത്താന്‍ കഴിയൂ എന്നതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏഴു കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ നിന്നും കമലമ്മ പാട്ടിയെ ചുമന്ന് മാത്രമേ താഴെ റോഡിലേക്ക് എത്തിക്കാനാകൂ. അതിന് കഴിയാതിരുന്നതോടെയാണ് വൃദ്ധ കിടപ്പിലായി പുഴുവരിക്കുന്ന സ്ഥിതിയായത്.