IndiaNEWS

നിർമ്മല സീതാരാമൻ പറഞ്ഞത് തെറ്റ്; കേരളത്തോട് കേന്ദ്രം കാട്ടുന്നത് ശത്രുതാപരമായ വിവേചനം

തിരുവനന്തപുരം: കേട്ടുകേള്‍വിയില്ലാത്ത വഴികളിലൂടെ സംസ്ഥാനത്തിന്റെ ധനപരമായ സകലസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് ക്ഷേമപദ്ധതികളെ ഒന്നടങ്കം ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെ കേരളത്തെ അധിക്ഷേപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.
രാഷ്ട്രീയമായി നേരിടാനാകാത്തതുകൊണ്ട് കേരളത്തെ സാമ്ബത്തികമായി ശ്വാസംമുട്ടിച്ചുകൊല്ലാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ധനമന്ത്രി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചത്.കേരളത്തിന് അർഹിക്കുന്നതെല്ലാം കേന്ദ്രം നൽകുന്നുണ്ടെന്നായിരുന്നു അവരുടെ പ്രസ്താവന.
ഏപ്രില്‍ മുതല്‍ സെപ്തംബര്‍വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 18 ശതമാനം മാത്രമാണ് നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രത്തില്‍നിന്ന്‌ ലഭിച്ചത്‌. ആകെ റവന്യു വരുമാനമായ 45,540 കോടിയില്‍ 38,509 കോടിയും സംസ്ഥാനത്തിന്റെ തനതുസമാഹരണമായിരുന്നു. മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ ഇതിന്റെ ഇരട്ടിയിലേറെയാണ്‌ കേന്ദ്രവിഹിതമായി ലഭിച്ചത്‌. നികുതി വിഹിതത്തിലും ഗ്രാന്റിലും കേരളത്തോട് ശത്രുതാപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നാണ്‌ എജിയുടെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കുന്നത്‌.
ഈ വര്‍ഷം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണ്‌ ഒറ്റയടിക്കുണ്ടായത്‌. അര്‍ഹതപ്പെട്ട വായ്‌പയില്‍ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ച 12,000 കോടിയും ഇല്ലാതായി.ഈ വര്‍ഷവും ചെലവിന്റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണുള്ളത്.

കേന്ദ്രസര്‍ക്കാര്‍ അങ്ങേയറ്റം വിവേചനപരമായ സമീപനമാണ്‌ സംസ്ഥാനത്തോട്‌ സ്വീകരിക്കുന്നതെന്നിരിക്കെയാണ് ധനമന്ത്രിയുടെ പെരും നുണ. ജനങ്ങളെ മുണ്ടുമുറുക്കിയുടുത്ത്‌ ജീവിക്കാൻ നിര്‍ബന്ധിക്കുന്ന നവ ഉദാര നയങ്ങള്‍ക്കെതിരെ ക്ഷേമ, വികസന പദ്ധതികളില്‍ ഊന്നിയുള്ള ജനകീയ ബദല്‍ വളര്‍ത്തിയെടുക്കുന്ന കേരളത്തോടുള്ള രാഷ്ട്രീയമായ പകപോക്കലാണിതെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അര്‍ഹതപ്പെട്ട സാമ്ബത്തിക വിഹിതം അനുവദിക്കാതെ വരുംമാസങ്ങളില്‍ ധനസ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രം ബോധപൂര്‍വമായ നീക്കം നടത്തുന്നത്.

 

ക്ഷേമത്തിലും വികസനത്തിലും ആളോഹരി വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ അര്‍ഹമായ നികുതിവിഹിതം നിഷേധിച്ചും കടമെടുക്കാനുള്ള പരിധി കുറച്ചും കേന്ദ്രം ശിക്ഷിക്കുകയാണ്‌. കേന്ദ്ര സര്‍ക്കാരിനൊപ്പം ഭൂരിഭാഗം മാധ്യമങ്ങളും ധനസ്ഥിതി സംബന്ധിച്ച ദുഷ്‌പ്രചാരണം നടത്തി സംസ്ഥാനത്തെ നിരായുധമാക്കാൻ ബോധപൂര്‍വം ശ്രമിക്കുന്നുമുണ്ട് .സര്‍ക്കാര്‍ സാമ്ബത്തികപ്രശ്നങ്ങള്‍ നേരിടുന്നതിന്റെ പ്രധാന കാരണം കേന്ദ്ര സര്‍ക്കാരിന്റെ കടുത്തവിവേചനമാണ്‌. എന്നാല്‍ ഇക്കാര്യം തുറന്നുപറയാൻ മാധ്യമങ്ങളും പ്രതിപക്ഷവും തയ്യാറാകുന്നില്ല. ഇതിനു പിന്നില്‍ വലിയൊരു ഗൂഢലക്ഷ്യമുണ്ട്‌.

 

ക്ഷേമപ്രവര്‍ത്തനങ്ങളിലും പശ്ചാത്തല വികസനത്തിലും എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കെെവരിച്ച നേട്ടങ്ങള്‍ ജനങ്ങളില്‍ വലിയ സംതൃപ്തി ഉളവാക്കിയിട്ടുണ്ട്. ഇത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആശങ്ക യുഡിഎഫിനൊപ്പം ബിജെപിക്കുമുണ്ട്. ഈയൊരു സാഹചര്യത്തിലാണ്‌ വികസനപ്രവര്‍ത്തനം തടയാൻ സംസ്ഥാനത്തിന്‌ അര്‍ഹമായ വിഹിതം കേന്ദ്രം തടയുന്നത്‌.

 

കേരളത്തിന് ആവശ്യമായ എല്ലാ ഫണ്ടുകളും കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായിട്ടില്ലെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച തിരുവനന്തപുരത്തു വച്ച് പറഞ്ഞ്. കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നില്ലെന്ന പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത് തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

Back to top button
error: