കൊച്ചി: മസാല ബോണ്ട് ഇറക്കിയതില്‍ നിയമലംഘനം ആരോപിച്ച് മുന്‍ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള അന്വേഷണം തുടരാന്‍ തടസ്സമില്ലെന്നും പുതിയ സമന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അയയ്ക്കാമെന്നും ഹൈക്കോടതി. എന്നാല്‍, ഇത് കോടതിയുടെ തുടര്‍ ഉത്തരവുകള്‍ക്കു വിധേയമായിരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനെന്ന പേരില്‍ ഇ.ഡി. തുടര്‍ച്ചയായി സമന്‍സ് നല്‍കി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് നേരത്തെ ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവിലാണു ഭേദഗതി വരുത്തിയത്.
ഇ.ഡിയുടെ അന്വേഷണം അനന്തമായി നീളുന്ന മട്ടിലാണെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കോടതി ഇടപെടണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാല്‍, പുതിയ സമന്‍സ് അയയ്ക്കാന്‍ തയാറാണെന്നും അതിന് കോടതി അനുവദിക്കണമെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ അറിയിച്ചു.
എന്നാല്‍, സമന്‍സുകള്‍ കോടതിയുടെ പരിശോധനയ്ക്കു വിധേയമായിരിക്കുമെന്നു ഹൈക്കോടതി പറഞ്ഞു. ഹര്‍ജി നിലനില്‍ക്കുന്നത് ഇ.ഡിക്ക് പുതിയ സമന്‍സ് അയയ്ക്കുന്നതിനും അന്വേഷണം തുടരുന്നതിനും തടസ്സമല്ല. എന്നാല്‍ ഇതെല്ലാം കോടതിയുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്നാണു ഹൈക്കോടതി വ്യക്തമാക്കിയത്. ഹര്‍ജി 1ന് വീണ്ടും പരിഗണിക്കും.