പത്തനംതിട്ട: ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്.ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്.
ജനുവരി പകുതിവരെ ഇവ സർവീസ് നടത്തും. സ്ലീപ്പർ ക്ലാസിന് 30 ശതമാനംവരെയും എസി കോച്ചുകൾക്ക് 20 ശതമാനംവരെയുമാണ് വർധന.പലതും ഇതിനകം തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്.പ്രതിവാര ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്.
തൽക്കാൽ ടിക്കറ്റുകളിൽ നിരക്ക് പിന്നെയും കൂടും. ജനറൽ ക്ലാസിലും വർധനയുണ്ട്. അതേസമയം, ആവശ്യത്തിനുള്ള ട്രെയിനുകൾ ഇപ്പോഴുമില്ല എന്നതാണ് വാസ്തവം.
ശബരിമല തീർത്ഥാടനം മുൻനിർത്തിയാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഇതിൽ 70 ശതമാനത്തോളം ബുക്കിങ്ങായി. സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുമ്പോൾ അതിന് വേണ്ടിവരുന്ന ചെലവ് ടിക്കറ്റുകളിൽ നിന്ന് ഈടാക്കാൻ 2018ൽ റെയിൽവേ ബോർഡ് അനുവാദം നൽകിയിരുന്നുവെന്നാണ് നിരക്ക് വർധനയ്‌ക്ക് അധികൃതർ നൽകുന്ന വിശദീകരണം.മറ്റു ട്രെയിനുകളിൽ അധികമായി കോച്ചുകൾ നൽകുമ്പോൾ എസി കോച്ചുകൾ അനുവദിക്കാനാണ് റെയിൽവേ ഡിവിഷനുകൾക്ക് താൽപ്പര്യവും.
ശബരിമല യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രതിവാര വന്ദേ ഭാരത് ട്രെയിനുകളും സർവീസ് നടത്തും. ചെന്നൈ എഗ്മോറിനും തിരുനെൽവേലിക്കും ഇടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ദക്ഷിണ റെയിൽവേ അറിയിച്ചതാണ് ഇക്കാര്യം. ചെന്നൈ എഗ്മോറിൽനിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15ന് തിരുനെൽവേലിയിൽ എത്തും.
തിരുനെൽവേലിയിൽ നിന്നും ചെന്നൈ എഗ്മോറിലേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെട്ട് രാത്രി 11.15ന് എഗ്മോറിൽ എത്തും.