ബംഗളുരു: സസ്യാഹാരിയായ ഏഴു വയസുകാരിയെ മകളെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട തീറ്റിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ബ്രാഹ്‌മണ വിഭാഗത്തില്‍ പെടുന്നതാണ് വിദ്യാര്‍ഥിനിയുടെ കുടുംബം. ശുദ്ധ വെജിറ്റേറിയനായ തന്റെ കുട്ടിക്ക് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട നല്‍കിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസില്‍ പരാതി നല്‍കി.
മുട്ട കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും ബന്ധുക്കള്‍ ആരോപിച്ചു. അധ്യാപിക ആരോപണങ്ങള്‍ നിഷേധിച്ചെന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഷിമോഗ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. മുട്ട കഴിക്കാന്‍ അധ്യാപകന്‍ കുട്ടിയെ ഒരാഴ്ചയോളം സമ്മര്‍ദ്ദം ചെലുത്തിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അടിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കള്‍ ആരോപിച്ചു.
”കുട്ടികള്‍ക്ക് മുട്ട, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വാഴപ്പഴം എന്നിവ നല്‍കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. സ്വന്തം കുട്ടികള്‍ക്ക് ഏതൊക്കെ ഭക്ഷണ സാധനങ്ങള്‍ നല്‍കണമെന്ന് അറിയിക്കാന്‍ എല്ലാ രക്ഷിതാക്കളെയും ഒരു മീറ്റിംഗിന് വിളിക്കണം. കഴിഞ്ഞ ഒരാഴ്ചയായി ഒരു ടീച്ചര്‍ തന്നെ മുട്ട കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് എന്റെ കുട്ടി ഞങ്ങളോട് പറഞ്ഞു” -പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.