NEWSWorld

സൗദി അറേബ്യ അടിമുടി മാറുന്നു, മരുഭൂമിയില്‍ സ്വപ്‌നങ്ങളുടെ വസന്തം വിടരുന്നു

     ലോകശ്രദ്ധ നേടാറുണ്ട് സൗദി അറേബ്യ പണിതുയര്‍ത്തുന്ന സ്വപ്‌ന നഗരമായ നിയോമിന്റെ ഭാഗമായുള്ള ഓരോ പദ്ധതികളുടെയും പ്രഖ്യാപനം. ഏറ്റവും ഒടുവിലായി നിയോമിന്റെ ഭാഗമായ എപികോണിന്റെ പ്രഖ്യാപനമാണ് നടന്നത്. ആഡംബര ഹോട്ടലും അപ്പാര്‍ട്ടുമെന്റുകളും റിസോര്‍ട്ടുമെല്ലാം ചേര്‍ന്ന എപികോണ്‍ ഒരു എൻജിനിയറിംഗ് വിസ്മയമായിരിക്കും. നിയോമിന്റെ വടക്കേയറ്റത്തുള്ള കടല്‍ തീരത്തോടു ചേര്‍ന്നു നിര്‍മിക്കുന്ന എപികോണ്‍ സൗദിയുടെ സ്വപ്‌ന നഗരത്തിലേക്കുള്ള അപൂര്‍വതകളുടെ  തുടക്കമായിരിക്കും.

ലോകത്തെ ഏതു നഗരങ്ങളിലും ലഭിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഭാവി നഗരമാണ് നിയോം എന്ന പേരില്‍ സൗദി അറേബ്യ മരുഭൂമിയില്‍ പണിതുയര്‍ത്തുന്നത്. നിയോമിന്റെ ഭാഗമായ എപികോണിന്റെ രണ്ട് അംബരചുംബികളായ കെട്ടിടങ്ങളിലാണ് ആദ്യം കണ്ണുടക്കുക. 225 മീറ്ററും 275 മീറ്ററും നീളമുള്ളവയാണ് ഇവ. ഈ ടവറുകളില്‍ 41 നിലകളിലായി ആഡംബര ഹോട്ടലുണ്ടാവും. 14 സ്യൂട്ടുകളും അപ്പാര്‍ട്ടുമെന്റുകളും സന്ദര്‍ശകരെ കാത്തിരിക്കും.

മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഇരട്ട ടവറുകള്‍ക്കു സമീപത്തു തന്നെയാണ് എപികോണ്‍ റിസോര്‍ട്ടും നിര്‍മിക്കുക. ഇവിടെ 120 മുറികളും ബീച്ചിനോട് അഭിമുഖമായ 45 വില്ലകളും ഉണ്ടാവും. സ്റ്റുഡിയോ 10 ഡിസൈനാണ് എപികോണിന്റെ സവിശേഷമായ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. സ്പായും വാട്ടര്‍സ്‌പോര്‍ട്ടും ജിമ്മും ലൈബ്രറിയും ജോലിസ്ഥലങ്ങളും നീന്തല്‍കുളങ്ങളും അടക്കം എല്ലാ ആഡംബര സൗകര്യങ്ങളും ഇവിടെയെത്തുന്ന അതിഥികള്‍ക്ക് ആസ്വദിക്കാനാവും.

അടുത്തിടെയാണ് നിയോം ലെയ്ജ എന്ന പേരിലുള്ള മറ്റൊരു വിനോദസഞ്ചാര കേന്ദ്രം നിയോമിന്റെ ഭാഗമായി പ്രഖ്യപിച്ചത്. മൂന്നു ഹോട്ടലുകളാണ് ലെയ്ജയുടെ ഭാഗമായി നിര്‍മിക്കുക. ഇതിലെല്ലാം ചേര്‍ന്ന് 120 മുറികളും സ്യൂട്ടുകളുമുണ്ടായിരിക്കും. ഓരോ ഹോട്ടലിലും 40 മുറികള്‍ വീതമാണുണ്ടാവുക.

400 മീറ്റര്‍ ഉയരമുള്ള മലയോടു ചേര്‍ന്നാണ് ലെയ്ജയുടെ നിര്‍മാണം. ആദ്യ ഹോട്ടല്‍ സാഹസിക വിനോദങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടാണ് നിര്‍മിക്കുക. മലയോടു ചേര്‍ന്നുള്ള ഇതിന്റെ ചുമരുകളിലൂടെ പിടിച്ചിറങ്ങാനും സാഹസികര്‍ക്ക് സാധിക്കും. മലകയറ്റത്തിനുള്ള സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ടാവും. രണ്ടാമത്തെ ഹോട്ടല്‍ പ്രദേശത്തെ ഏറ്റവും വലിയ മരുപ്പച്ചയോടു ചേര്‍ന്നാണു നിര്‍മിക്കുക. മലയില്‍ നിന്നും ഇറങ്ങി വരുന്ന പടികളോടെയായിരിക്കും ഇതിന്റെ നിര്‍മാണം. മൂന്നാമത്തെ ഹോട്ടല്‍ മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്കിടയിലെ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം കൂടിയായിരിക്കും.

Back to top button
error: