KeralaNEWS

വ്യാജ ഐഡി കാര്‍ഡ് കേസില്‍ 4 യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ജാമ്യം; രാജ്യദ്രോഹ കുറ്റത്തിന് തെളിവില്ല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരില്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചെന്ന കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലീസ് വാദങ്ങള്‍ തള്ളിയ സിജെഎം കോടതി 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും പൊലീസിനു തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെനി നൈനാന്‍ ഒന്നാം പ്രതിയും ബിനില്‍ ബിനു രണ്ടാം പ്രതിയും അഭിനന്ദ് വിക്രം മൂന്നാം പ്രതിയും വികാസ് കൃഷ്ണന്‍ നാലാം പ്രതിയുമാണ്.

പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും പ്രതികളുടെ ജാമ്യാപേക്ഷയിലും വാദം കേള്‍ക്കേ, കോടതി പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. പ്രതികളെ പിടിക്കാനായി അന്വേഷണ സംഘം രണ്ടു ജില്ലകള്‍ കടന്നു പോയി പരിശോധന നടത്തിയെങ്കിലും നിയമപ്രകാരമുള്ള അനുമതി വാങ്ങിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Signature-ad

ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളി. പ്രതികള്‍ കംപ്യൂട്ടറിലെയും മൊബൈലിലെയും തെളിവുകള്‍ നശിപ്പിച്ചെന്നാണ് പൊലീസിന്റെ വാദമെന്നും, തെളിവുകള്‍ നശിപ്പിച്ചെങ്കില്‍ എന്തിനാണ് കസ്റ്റഡിയുടെ ആവശ്യമെന്നും കോടതി ചോദിച്ചു. തെളിവുകള്‍ നശിപ്പിച്ചെങ്കില്‍ ഫൊറന്‍സിക്‌സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനാകുമെന്നും കോടതി പറഞ്ഞു.

ഗുരുതരമായ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നും വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതികള്‍ക്ക് ഇന്നലെ തന്നെ ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. 27 വരെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണം. അതു കഴിഞ്ഞുള്ള ഒരു മാസം ചൊവ്വ, ശനി ദിവസങ്ങളില്‍ ഹാജരാകണം. പിന്നീടുള്ള ഒരു മാസം എല്ലാ ശനിയാഴ്ചയും ഹാജരാകണം. പ്രതികള്‍ രാജ്യം വിട്ടു പോകരുതെന്നും കോടതി നിര്‍ദേശിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരില്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മൊബൈല്‍ ആപ്പ് വഴിയാണ് നടന്നത്. വേണ്ടപ്പെട്ട സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി പ്രതികള്‍ വ്യാജ ഐഡി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ സൈബര്‍ വിദഗ്ധനായ നാലാം പ്രതിയുടെ സഹായത്തോടെ ഫോട്ടോഷോപ്പ് സോഫ്റ്റ്വെയറിലൂടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പട്ടികയിലെ ഇലക്ഷന്‍ ഐഡി നമ്പര്‍ ഉപയോഗിച്ചു പേരും വിലാസവും ഫോട്ടോയും യുനീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പരുകളും വ്യത്യാസപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ ഐഡികള്‍ നിര്‍മിച്ചതായി സിജെഎം കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Back to top button
error: