KeralaNEWS

യൂത്ത് കോണ്‍ഗ്രസുകാരെ അടിക്കാന്‍ ഹെല്‍മറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി; 14 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദിച്ചതിനു 14 പേര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഹെല്‍മറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരായ 6 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Signature-ad

കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സ് പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ് വെള്ളച്ചാല്‍ ഉള്‍പ്പെടെയുള്ളവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിയെത്തി ഹെല്‍മറ്റ് എടുത്തും പരിസരത്തെ പൂച്ചട്ടികളെടുത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതും ആയി ബന്ധപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീഷ് വെള്ളച്ചാല്‍, മഹിത, രാഹുല്‍ പി പി, മിഥുന്‍ തുടങ്ങിയവര്‍ ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമ സംഭവവുമായി ബന്ധപ്പെട്ട്ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു, സതീഷ് അമല്‍ ബാബു, സജിത്ത്, അതുല്‍കണ്ണന്‍, ഷമീര്‍ അഹമ്മദ്, അര്‍ജുന്‍, അര്‍ഷിദ്, സിബി ഹരിത്ത് തുടങ്ങിയ 14 പേര്‍ക്കെതിരെയും കേസെടുത്തു.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായതെന്നും എഫ്ഐആറില്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയില്‍ നവകേരള സദസ്സ് തുടരുന്നതിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.

 

 

Back to top button
error: