LocalNEWS

കേരള ഫിഷറീസ് സ‍ർവകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ: പ്രതിഷേധം ശക്തമാവുന്നു

കൊച്ചി: കേരള ഫിഷറീസ് സ‍ർവകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിെനാരുങ്ങുകയാണ് വിദ്യാര്‍ത്ഥിനികള്‍. കുഫോസ് ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ ശുചിമുറിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് മൊബൈൽ ഫോണ്‍ ക്യാമറ കണ്ടെത്തിയത്. ക്യാമറ കണ്ട പെണ്‍കുട്ടി ബഹളം വെച്ചതോടെ ഒളിച്ചു നിന്നയാള്‍ ഫോണുമായി ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഹോസ്റ്റലിൽ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. 157 കുട്ടികളുള്ള ഹോസ്റ്റലിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. സിസിടിവികള്‍ കാലങ്ങളായി പ്രവർത്തന രഹിതം. ഹോസ്റ്റൽ പരിസരമാകട്ടെ കാട് മൂടിയ അവസ്ഥയിലും. രാത്രിയിൽ വേണ്ടത്ര വെളിച്ചം പോലുമില്ല.

ഇതാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കാൻ കാരണമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. വിദ്യാർത്ഥികളുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃത‍ർ പറഞ്ഞു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ പഠിപ്പ് മുടക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് കടക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം

Back to top button
error: