KeralaNEWS

ആത്മവിശ്വാസത്തോടെ രഥം തെളിച്ച് പിണറായി വിജയൻ, നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍; തുടക്കം പയ്യന്നൂര്‍ മണ്ഡലത്തില്‍

     കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ രാവിലെ യോഗത്തില്‍ പങ്കെടുക്കും. ഇവരുമായുള്ള ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും.

11 മണിക്ക് പയ്യന്നൂര്‍, 3 മണിക്ക് മാടായി, 4.30ന് തളിപ്പറമ്പ്, 6 മണിക്ക് ശ്രീകണ്ഠപുരം എന്നിങ്ങനെയാണ്  ജനസദസ്സ് നടക്കുക.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളില്‍ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സില്‍ എത്തിയത്. നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും.

സർക്കാർ പരിപാടിയാണ് നവകേരള സദസ്സെന്ന് വ്യക്തമാക്കി ആത്മവിശ്വാസത്തോടെ രഥം തെളിക്കുകയാണ് പിണറായി വിജയൻ. എൽ.ഡി.എഫിനോട് രാഷ്ട്രീയമായ ഭിന്നത കോൺഗ്രസിനും യു.ഡി.എഫിനുമുണ്ട്. ബി.ജെ.പി.ക്ക് വല്ലാത്ത അസഹിഷ്ണുതയും ഉണ്ടാകാം. പക്ഷേ, നാടിനുവേണ്ടി സർക്കാർ ഒന്നും ചെയ്യേണ്ടെന്ന നിലപാടെടുക്കുന്നതിൽ എന്താണർഥമെന്നും ചോദിച്ചാണ് മുഖ്യമന്ത്രി യാത്ര തുടരുന്നത്.

രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുകയാണെന്നും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ മാറ്റമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്നതിൽനിന്ന് മാറി ഒരുഭാഷ, ഒരുമതം, ഒരുനികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ് അങ്ങിനെ ഒരുപാട് ‘ഒരു’ ചേർത്ത മുദ്രാവാക്യങ്ങൾ കേന്ദ്രസർക്കാർ ഉയർത്തുകയാണെന്നും മുഖ്യന്ത്രി പറയുന്നു.

യു.ഡി.എഫ്. സർക്കാരാണ് ഭരിക്കുന്നതെങ്കിൽ ദേശീയപാത വികസനം ഉൾപ്പെടെയുള്ള മാറ്റം സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടവും പ്രത്യേകതയുമാണത്. അത് ജനങ്ങളിൽനിന്ന് മറച്ചുവെക്കണമെന്ന നിക്ഷിപ്ത താത്പര്യത്താടെ ഒരുകൂട്ടം സംസ്ഥാനവിരുദ്ധ താത്പര്യത്തോടെ പ്രവർത്തിക്കുകയാണ്. ജനങ്ങൾ അതിനൊപ്പം അണിനിരക്കാൻ തയ്യാറല്ലാത്തതുകൊണ്ടാണ് എൽ.ഡി.എഫ്. 99 സീറ്റ് നേടി തുടർഭരണത്തിലെത്തിയത്.

നവകേരള സദസ്സിൽ പങ്കെടുക്കാൻ മഞ്ചേശ്വരത്ത് ആവേശം ഇരട്ടിപ്പിക്കുന്ന ജനസഞ്ചയമാണ് എത്തിയത്. വരുംനാളിൽ കേരളം എങ്ങിനെ പ്രതികരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണത്. ഉദ്ഘാടനസദസ്സിലെ സ്ത്രീകളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ സ്വീകാര്യതയുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Back to top button
error: