IndiaNEWS

ഭാര്യ വിശ്വസ്തത തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈകള്‍ മുക്കാൻ  ഭര്‍ത്താവിന്റെ നിർദ്ദേശം, രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി

        കുടുംബസ്‌നേഹം പ്രകടിപ്പിക്കാനും പങ്കാളിയുടെ സംശയരോഗം മാറ്റാനും അഭ്യസ്തവിദ്യരായവര്‍ അമിതമായി ദുരാചാരങ്ങളെ ഇപ്പോഴും കൂട്ടുപിടിക്കുന്നു എന്നതിന്റെ തെളിവാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നടന്ന ഈ സംഭവം. ഭര്‍ത്താവിനോടുള്ള വിശ്വസ്തതയും സ്‌നേഹവും തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈകള്‍ മുക്കണം എന്നായിരുന്നു ഭാര്യയ്ക്കുള്ള നിര്‍ദേശം.

പുത്തലപ്പട്ട് മണ്ഡലത്തിലെ തേനെപ്പള്ളിക്ക് സമീപമുള്ള തത്തിതോപ്പ് ഗ്രാമത്തില്‍ 4 കുട്ടികളുടെ അമ്മയായ 50 വയസുകാരിയായ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. എന്നാല്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ സ്ത്രീയെ ക്രൂരതയില്‍ നിന്ന് രക്ഷിച്ചു. സംഭവത്തില്‍ ഉള്‍പെട്ടവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെങ്കിലും ഭര്‍ത്താവിനെയും മറ്റ് കുടുംബാംഗങ്ങളെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നടത്തി വിട്ടയച്ചു.

സംഭവ സ്ഥലത്തെത്തി വീട്ടമ്മയെ രക്ഷിച്ച പഞ്ചായത് രാജ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ:

ഭര്‍ത്താവിനോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ എണ്ണ തിളപ്പിച്ച് സ്ത്രീയുടെ കൈ മുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ ഞാന്‍ കൃത്യസമയത്ത് അവിടെയെത്തി അവരെ ആപത്തില്‍ നിന്ന് രക്ഷിച്ചു.

ആചാരപ്രകാരം, അഞ്ച് ലിറ്റര്‍ എണ്ണ തിളപ്പിച്ച് പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച് പുതിയ മണ്‍പാത്രത്തിലേക്ക് ഒഴിച്ചു. വിശ്വസ്തത പരീക്ഷക്ക് സാക്ഷ്യം വഹിക്കാനായി ഗ്രാമവാസികള്‍ ഒന്നടങ്കം എത്തിയിരുന്നു. സ്ത്രീയുടെ 57 കാരനായ ഭര്‍ത്താവിന് ഏറെക്കാലമായി ഭാര്യയെ സംശയമായിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്നാണ് ഭാര്യയുടെ സ്വഭാവം പരീക്ഷിക്കാന്‍ ഗോത്ര നേതാക്കള്‍ ചേര്‍ന്ന് തിളച്ച എണ്ണയില്‍ കൈമുക്കുകയെന്ന പ്രാകൃത ആചാരം നിര്‍ദേശിച്ചത്.

യെരുകുല ഗോത്രത്തിന്റെ ആചാരമനുസരിച്ച്, വിശ്വസ്തത സംശയിക്കുന്ന സ്ത്രീ തന്റെ കൈകള്‍ പൊള്ളലേല്‍ക്കുമോ ഇല്ലയോയെന്ന് അറിയാന്‍ സമുദായ അംഗങ്ങളുടെ സാന്നിധ്യത്തില്‍ തിളച്ച എണ്ണയില്‍ കൈകള്‍ മുക്കണം. സ്ത്രീയുടെ കൈകള്‍ക്ക് പൊള്ളലേറ്റില്ലെങ്കില്‍ അവള്‍ ഭര്‍ത്താവിനോട് വിശ്വസ്തയായിരിക്കുമെന്നും പൊള്ളിയാല്‍ അവള്‍ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നുമാണ് നിഗമനം.

യുവതിയുടെ ഭര്‍ത്താവ് പലതവണ അവളെ ഉപദ്രവിച്ചിരുന്നു. നിരന്തരം ഭര്‍ത്താവിന്റെ മര്‍ദ്ദനമേല്‍ക്കുന്നതിനേക്കാള്‍ നല്ലത് തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്ന് സ്ത്രീ കരുതിയാണ് ആചാരത്തിന് സമ്മതിച്ചതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: