KeralaNEWS

റോബിൻ ബസ് തടയാനെത്തിയ എംവിഡി ഉദ്യോഗസ്ഥരെ കൂകി വിളിച്ച് നാട്ടുകാർ; ബസ് തടഞ്ഞത് അഞ്ച് സ്ഥലത്ത് 

പാലക്കാട്: റോബിൻ ബസ് തടയാനെത്തിയ എംവിഡി ഉദ്യോഗസ്ഥരെ കൂകി വിളിച്ച് നാട്ടുകാർ.ബസിലെ യാത്രക്കാരോട് എംവിഡി ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു അതിലും വലിയ രസം:

‘ഞാനൊരു ചായ കുടിക്കാൻ കോയമ്ബത്തൂര്‍ വരെ പോകുവാണ് സാറെ, അവിടെ ഇറങ്ങി ചായ കുടിച്ചിട്ട് ഇതേ ബസില്‍ തന്നെ കയറി തിരിച്ചുവരും.നാളെയും ചിലപ്പോള്‍ ഇതുപോലെ ചായ കുടിക്കാൻ പോയെന്നു വരും’ എന്നായിരുന്നു റോബിൻ ബസിലെ യാത്രികന്റെ മറുപടി.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നാരംഭിച്ച ബസിന്റെ യാത്രയെ തുടര്‍ച്ചയായി എംവിഡി തടഞ്ഞതോടെ നാട്ടുകാരും യാത്രികരും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ തുടങ്ങി. ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. ഇതോടെ നാട്ടുകാരും യാത്രികരും ഉദ്യോഗസ്ഥരെ കൂകി വിളിക്കാൻ ആരംഭിച്ചു.റോബിനെ ആനയിക്കാൻ നിരത്തുകളില്‍ വൻജനക്കൂട്ടമാണ് എത്തിയത്.

പത്തനംതിട്ടയില്‍ നിന്നും യാത്ര ആരംഭിച്ച ബസിനെ വഴിയുടനീളം എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്നും 7500 രൂപ പിഴയടയ്ക്കാൻ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ ബസ് വിട്ടുനല്‍കുകയായിരുന്നു. റോബിൻ പുതുക്കാട് എത്തിയപ്പോഴും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.അപ്പോഴും യാത്രക്കാർ ക്ഷുഭിതരായി രംഗത്തെത്തുകയായിരുന്നു.ഇതോടെ എംവിഡി ഉദ്യോഗസ്ഥർ പിൻവാങ്ങി.

ശനിയാഴ്ച പുലർച്ചെ പത്തനംതിട്ടയിൽനിന്ന് യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്തെന്ന വാർത്ത പുറത്തുവന്നതോടെയാണ് റൂട്ടിലെ മറ്റിടങ്ങളിൽ ‘റോബിനെ’ കാണാൻ ആൾക്കൂട്ടമെത്തിയത്. പത്തനംതിട്ടയ്ക്ക് പുറമേ മൂന്നിടങ്ങളിൽ കൂടി മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. എന്നാൽ, 25-ഓളം കേന്ദ്രങ്ങളിലാണ് ‘റോബിന്’ പിന്തുണയുമായി ജനങ്ങളെത്തിയത്. പലയിടത്തും ബസിൽ പൂമാല ചാർത്തിയും യാത്രക്കാർക്ക് മധുരം വിതരണംചെയ്തുമാണ് നാട്ടുകാർ റോബിനെ സ്വീകരിച്ചത്.

എം.വി.ഡി. പരിശോധന കാരണം പത്തനംതിട്ടയിൽനിന്ന് അരമണിക്കൂറോളം വൈകിയാണ് ബസ് യാത്രതുടർന്നത്. പക്ഷേ, ഇതിനുശേഷവും എം.വി.ഡി. പരിശോധനയുമായി രംഗത്തെത്തി. പാലായിലും അങ്കമാലിയിലും തൃശ്ശൂരിലെ പുതുക്കാടുമാണ് വീണ്ടും മോട്ടോർ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധിച്ചത്. പുതുക്കാട് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരേ നാട്ടുകാർ കൂവിവിളിച്ചു. ‘നാണമില്ലേ സാറെ’ എന്ന് ചോദിച്ചുകൊണ്ടാണ് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരേ രംഗത്തെത്തിയത്.

പത്തനംതിട്ട പിന്നിട്ടതിന് പിന്നാലെതന്നെ ‘റോബിനെ’ സ്വീകരിക്കാൻ പലയിടങ്ങളിലും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. റാന്നി, എരുമേലി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെല്ലാം വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. എറണാകുളത്തും തൃശ്ശൂരും പാലക്കാടും വിവിധയിടങ്ങളിലായി സ്വീകരണം നടന്നു.

ആവേശംകൊണ്ടാണ് ജനങ്ങൾ ബസ്സിനെ സ്വീകരിക്കുന്നതെന്നായിരുന്നു ബസ്സുടമയായ ഗിരീഷിന്റെ പ്രതികരണം. എം.വി.ഡി.യുടെ തുഗ്ലക് പരിഷ്കാരങ്ങൾക്കെതിരേയുള്ള ജനങ്ങളുടെ വെറുപ്പാണ് ഇതിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുമായി സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസാണ് റോബിൻ.

ഓഗസ്റ്റ് 30നാണു റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു തങ്ങളുടെ ആദ്യ സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു. യാത്രക്കാരുടെ ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്.45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ഫിറ്റ്നസ് ടെസ്റ്റ് പാസായി.

 

പിന്നീട് ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ബസ് ഉടമയ്ക്കു തിരികെ നൽകണമെന്നു റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഇന്ന് വീണ്ടും ബസ് സർവീസ് ആരംഭിച്ചത്.എന്നാൽ പിന്നീടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് എംവിഡി ബസ് തടയുകയായിരുന്നു.ഇതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്.

Back to top button
error: