CrimeNEWS

പൊങ്കലിനോട് അനുബന്ധിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സാരിയും മുണ്ടും മോഷ്ടിച്ച കേസില്‍ കളക്ടറേറ്റിലെ ജീവനക്കാരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; മോഷ്ടിച്ചത് 16 ലക്ഷം രൂപ വിലയുള്ള 12,500 സാരിയും മുണ്ടും!

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിനോട് അനുബന്ധിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സാരിയും മുണ്ടും മോഷ്ടിച്ച കേസില്‍, മധുര കളക്ടറേറ്റിലെ ജീവനക്കാരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. ഫീൽഡ് സര്‍വെയറായ ശരവണനെതിരെ കേസെടുത്തത് 16 ലക്ഷം രൂപ വിലയുള്ള 12,500 സാരിയും മുണ്ടും മോഷ്ടിച്ചെന്ന ആരോപണത്തിലാണ്. മധുര കളക്ട്രേറ്റിലെ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന മുണ്ടും സാരികളുമാണ് മോഷണം പോയത്.

ജസ്റ്റിസ് വി ശിവാഗ്നാനമാണ് മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയത്. ട്രെഷറിയുടെ കസ്റ്റഡിയിലുള്ളതായിരുന്നു റേഷന്‍ കാർഡ് ഉടമകള്‍ക്ക് നൽകാനായി സൂക്ഷിച്ചിരുന്ന സാരിയും മുണ്ടുകളും. മുറിയിലേക്ക് വീണ്ടും സാധനങ്ങള്‍ വയ്ക്കാനായി നോക്കുമ്പോഴാണ് വാതിൽ തകർത്ത് മോഷണം നടന്നതായി കണ്ടെത്തിയത്. 125 ബണ്ടിലുകളാണ് കാണാതായത്. സംഭവവുമായി ബന്ധമില്ലെന്നാണ് ശരവണന്‍ വാദിച്ചത്. തന്നെ കേസില്‍ കുരുക്കിയതാണെന്നുമായിരുന്നു ഇയാളുടെ വാദം.

സംഭവത്തിൽ ഇബ്രാഹിം ഷാ, കുമരന്‍, മണികണ്ഠന്‍, സുൽത്താന്‍ അലാവുദീന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുതിർന്ന ഉദ്യോഗസ്ഥൻ പിടിയിലായത്. നവംബർ ആദ്യ വാരത്തിലായിരുന്നു മോഷണം. മുറിയുടെ താഴ് അടക്കം മാറ്റുകയും ചെയ്തായിരുന്നു മോഷണം നടന്നത്. നേരത്തെ അറസ്റ്റിലായവരിൽ നിന്ന് 115 മുണ്ടുകള്‍ പിടിച്ചെടുത്തിരുന്നു.

Back to top button
error: