FeatureNEWS

പൊറോട്ടയടിക്കാന്‍ പഠിക്കാനെത്തുന്നവരില്‍ ഡോക്ടര്‍മാരും; മധുരയിൽ കോച്ചിങ് സെന്റർ 

മധുര: പൊറോട്ടയുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ പലര്‍ക്കും കൃത്യമായി പൊറോട്ടയുണ്ടാക്കാന്‍ അറിയില്ല എന്നതാണ് വാസ്തവം.

അങ്ങനെയുള്ളവരെ പൊറോട്ട മാസ്റ്റേഴ്‌സാക്കുന്ന സ്ഥലമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റര്‍. ബണ്‍ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാര്‍ പൊറോട്ട തുടങ്ങി പൊറോട്ടയുമുണ്ടാക്കാന്‍ ഇവിടെനിന്നും പഠിക്കാം.

മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ആദ്യത്തെ പൊറോട്ട മേക്കിങ് പരിശീല സ്ഥാപനം.മാസം 60000 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലാണെന്നും ദിവസം 600 രൂപ മുതല്‍ 2000 വരെ പൊറോട്ടയടിയിലൂടെ സമ്ബാദിക്കുന്നവരുണ്ടെന്നും കോച്ചിങ് സെന്റര്‍ നടത്തുന്ന മുഹമ്മദ് കാസിം പറഞ്ഞു.

Signature-ad

രാവിലെയോ വൈകിട്ടോ ഏതാനും മണിക്കൂറുകള്‍ മാത്രംചെലവിട്ടാല്‍ ഇത്രയും പണം സമ്ബാദിക്കാമെന്നതാണ് ഈ ജോലിയുടെ ഹൈലൈറ്റ്. പാചകത്തോടുള്ള ഇഷ്ടം കൊണ്ട്, ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കമുള്ള പ്രഫഷനലുകളും തന്റെ പരിശീലന കേന്ദ്രത്തിലെത്താറുണ്ടെന്നും മുഹമ്മദ് കാസിം പറഞ്ഞു.

‘സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനാണ് ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിച്ചത്. ഒരു ബേക്കറി തുടങ്ങണമെങ്കില്‍ അഞ്ചു ലക്ഷം രൂപയെങ്കിലും വേണം. എന്നാല്‍ 50000 രൂപയുണ്ടെങ്കില്‍ ഒരു തട്ടുകട തുടങ്ങാം, 20000 രൂപയുണ്ടെങ്കില്‍ ഒരു വണ്ടിക്കടയും 10000 രൂപയുണ്ടെങ്കില്‍ വീടിനോടു ചേര്‍ന്ന് ഒരു പലഹാരക്കടയും തുടങ്ങാം’ – മുഹമ്മദ് കാസിം പറഞ്ഞു.

തൊഴിലറിയാതെ തട്ടുകട തുടങ്ങിയാല്‍, തൊഴിലാളികള്‍ ഇടയ്ക്ക് ജോലിയവസാനിപ്പിച്ചിട്ടു പോകുന്ന സാഹചര്യത്തില്‍ കച്ചവടം തകരും. തൊഴില്‍ പഠിച്ച ശേഷം ഭക്ഷണശാല തുടങ്ങിയാല്‍ അത്തരം പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നും കാസിം കൂട്ടിച്ചേർത്തു.

പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ ടവല്‍ കൊണ്ട് വീശിയടിക്കാനാണ് പഠിപ്പിക്കുക. പൊറോട്ട മാവ് വീശിയടിക്കുന്നതുപോലെ ടവല്‍ കൊണ്ട് വീശിയടിക്കണം. അതു വൃത്തിയായി ചെയ്യാന്‍ പഠിച്ച ശേഷം ഓരോ ഘട്ടമായി മാവു കുഴയ്ക്കാനും പൊറോട്ടയടിക്കാനും പരത്താനും പഠിപ്പിക്കും. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂര്‍ വീതമാണ് പൊറോട്ട മേക്കിങ് ക്ലാസ്. പരിശീലനത്തിനെത്തുന്നവര്‍ക്ക് താമസിക്കാനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യവും ഇവിടെയുണ്ട്.

Back to top button
error: