KeralaNEWS

നവകേരള സദസ്: മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും രണ്ട് ദിവസം കാസര്‍കോട് ജില്ലയില്‍

   മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും നാളെ കാസര്‍കോട്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം സജ്ജീകരിച്ച ഒരു ബസിലിരുന്ന് നവകേരളയാത്രയുമായി നാളെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രയാണം തുടങ്ങും. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് കാസര്‍കോട് ജില്ലയില്‍ എത്തുന്നതും മുഴുവന്‍ ജില്ലകളിലൂടെയും കടന്നുപോവുന്നതും.

നാളെ വൈകിട്ട് 3.30ന് പൈവളിഗെ ജി.എച്ച്.എസ്.എസിലാണ് നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം. രാത്രി മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട് തങ്ങും. 19ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നായന്മാര്‍മൂലയിലെ ചെങ്കള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് കാസര്‍കോട് മണ്ഡലംതല നവകേരള സദസ്സോടെ സംസ്ഥാന തല പ്രയാണത്തിന് തുടക്കം കുറിക്കുക. ഇതിന് മുന്നോടിയായി രാവിലെ 9 മണിക്ക് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ ജില്ലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംവദിക്കും. സന്ധ്യാരാഗം ഗ്രൗണ്ടില്‍ ഇവര്‍ക്ക് ചായ സല്‍ക്കാരവും ഒരുക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഉദുമ മണ്ഡലംതല നവകേരള സദസ്സ് ചട്ടഞ്ചാല്‍ സ്‌കൂള്‍ ഗ്രൗണ്ടിലും 4.30ന് കാഞ്ഞങ്ങാട് മണ്ഡലംതല സദസ്സ് ദുര്‍ഗ സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. ജില്ലയിലെ സമാപന സദസ്സ് 6.30 ന്  തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ്. അവിടെ കാലിക്കടവിലാണ് വേദി ഒരുക്കിയിട്ടുള്ളത്.

Signature-ad

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സഞ്ചരിക്കാനുള്ള പ്രത്യേകരൂപകല്‍പ്പന ചെയ്ത ബസ് നാളെ രാവിലെ കാസര്‍കോട് എത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ് ദേവര്‍ക്കോവില്‍ ഇന്ന് രാവിലെ കാസര്‍കോട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. മന്ത്രിമാരായ എം.ബി രാജേഷ്, ജെ. ചിഞ്ചുറാണി, സജി ചെറിയാന്‍ എന്നിവര്‍ ഇന്ന് രാത്രിയോടെ കാസര്‍കോട്ട് എത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറി വി. വേണുവും നാളെ എത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നവകേരള സദസ്സ് വേദികളിലെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
ഓരോ നിയോജക മണ്ഡലത്തിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കും. അഞ്ചിടത്തും ഒരു മണിക്കൂര്‍ കലാപരിപാടികളും ഉണ്ടാവും. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിന് പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്.

Back to top button
error: