KeralaNEWS

നവകേരള സദസിനുള്ള ആഢംബര ബസ്സിൽ മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, മന്ത്രിമാര്‍ക്കും അത്യാധുനിക സൗകര്യങ്ങൾ  

   നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ബസ്സ് ബെംഗലൂരു നിന്ന് വൈകിട്ട് 6.30ഓടെ കേരളത്തിലേക്ക് പുറപ്പെട്ടു. നാളെ പുലര്‍ച്ചെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോട് ബസ് എത്തും.

മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവര്‍ക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളത് എന്നാണ് വിവരം. യാത്രക്ക് ശേഷം  ബസ് കെഎസ്ആര്‍ടിസിക്ക് കൈമാറാനാണ് നീക്കം. ഡബിള്‍ ഡക്കര്‍ ബസ് വാടകക്ക് നല്‍കി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാര്‍ഗ്ഗമാകും എന്നാണ് വിശദീകരണം.

Signature-ad

ബെംഗലൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബോഡി നിര്‍മിച്ചത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ബസ്സിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്.

ബെന്‍സിന്റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. അതേസമയം, ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കിയിരിക്കുന്നത് ആഢംബര ബസാണെന്നും ധൂര്‍ത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍, മന്ത്രിമാര്‍ സ്വന്തം വാഹനങ്ങള്‍ വിട്ട് പ്രത്യേക ബസില്‍ പോകുന്നത് വഴി ചെലവ് കുറയും എന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നു.

നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചത് സംബന്ധിച്ച് വൻ വിമർശനങ്ങളാണ് ഉയർന്നത്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്‍റെ അനുമതി ആവശ്യമാന്നെന്ന ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്.

Back to top button
error: