KeralaNEWS

ജസ്‌ന ഇനിയും കാണാമറയത്ത്:  ഷബ്‌ന, ദൃശ്യ, സയന- പെട്ടന്നൊരു നാൾ അപ്രത്യക്ഷമാകുന്ന പെൺകുട്ടികൾ ഏറെ

  ജസ്‌നയുടെ തിരോധാനത്തിന് അഞ്ചു വര്‍ഷം അടുക്കുമ്പോഴും അവൾ ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ല. എട്ടു മാസത്തെ അന്വേഷണത്തിനുശേഷം സിബിഐയും ഫയൽ മടക്കി, ഓഫീസ് പൂട്ടി. മുക്കൂട്ടുതറ സന്തോഷ്‌കവല കുന്നത്ത് ജയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് ബികോം വിദ്യാര്‍ഥിനിയുമായ ജസ്‌ന മരിയ ജയിംസിനെ ഇരുപതാം വയസില്‍ 2018 മാര്‍ച്ച്‌ 22ന് രാവിലെയാണു കാണാതായത്.

മുണ്ടക്കയം പുഞ്ചവയലില്‍ പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുന്നതായി പറഞ്ഞിറങ്ങിയ ജസ്‌ന എരുമേലിയിലും തുടര്‍ന്നു മുണ്ടക്കയത്തും എത്തിയതായാണ് സൂചനകള്‍. പിന്നീട് ജസ്‌നയെ കണ്ടവരില്ല. കാണാതായ അന്നു രാത്രി തന്നെ ജയിംസ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്‍കി. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജസ്‌ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു.
വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെനിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നുമാണു പൊലീസിനു ലഭിച്ച സൂചന. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ നടത്തിയ അന്വേഷണത്തില്‍ പൊലീസ് അന്വേഷണത്തേക്കാള്‍ മുന്നോട്ടുപോകുന്ന സൂചനകള്‍ ലഭിച്ചില്ല. ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ലാതെയാണ് സിബിഐ മടങ്ങിയത്. ജസ്‌നയെ മതം മാറ്റി വിദേശത്തേക്ക് കടത്തി എന്നതുള്‍പ്പെടെ ഒട്ടേറെ കഥകള്‍ പ്രചരിച്ചിരുന്നു.

Signature-ad

ജസ്നയ്ക്ക് പിന്നാലെ കൊല്ലത്ത് നിന്നും മറ്റൊരു പെൺകുട്ടിയേയും കാണാതായിരുന്നു. ജൂലൈ ഏഴിനാണ്  സംഭവം. വീട്ടില്‍ നിന്ന് പോയ ഷബ്‌നയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല. പി.എസ്.സി കോച്ചിംഗ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ഷബ്‌ന പിന്നെ തിരികെ വീട്ടിൽ വന്നിട്ടില്ല. പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

ഇക്കൂട്ടത്തിൽ അവസാനത്തെ കണ്ണിയാണ് കണ്ണൂർ സ്വദേശികളായ ദൃശ്യ(20), സയന(20) എന്നീ വിദ്യാർത്ഥിനികൾ. രാവിലെ കോളജിലേക്ക് പോയ സയന ദൃശ്യയ്‌ക്കൊപ്പം നിന്ന് സംസാരിക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. ഇരുവരും എവിടേക്കാണ് പോയതെന്ന അന്വേഷണത്തിലാണ് പൊലീസ്.

കാണാതായ ജെസ്ന, ഷബ്‌ന, ദൃശ്യ, സയന എന്നിവർക്കായി പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഇവർ എവിടേക്കാണ് പോയതെന്ന് പൊലീസിന് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.

Back to top button
error: