FoodNEWS

കേരളത്തിനകത്തും പുറത്തും താരം; പഴമയുടെ രുചിപ്പെരുമ വിളിച്ചോതി ചട്ടിച്ചോറ്;ചട്ടിച്ചോറിലെ അപകടം 

ച്ചയ്ക്ക് വിശന്നുപൊരിഞ്ഞിരിക്കുമ്പോൾ ഒരുചട്ടി നിറച്ച് ചോറും ബീഫും മീനും ചിക്കനുമടക്കം പത്തോളം വിഭവങ്ങൾ മുന്നിലെത്തിയാൽ എങ്ങനെയുണ്ടാകും… ആലോചിക്കുമ്പോളെ നാവിൽ കപ്പലോടുമല്ലേ….

മീൻകറി വെച്ച മൺചട്ടിയിൽ ചോറ് കുഴച്ച് കഴിക്കുന്ന , പഴമയുടെ രുചിപ്പെരുമ വിളിച്ചോതുന്ന ന്യൂജെൻ വിഭവമാണ് ചട്ടിച്ചോറ്. ഇൻസ്റ്റഗ്രാമിലെയടക്കം റീലുകളിലൂടെയും മറ്റു യുട്യൂബ് വീഡിയോകളിലൂടയും പ്രശസ്തമായ ചട്ടിച്ചോറ് ഇന്ന് കേരളത്തിനകത്തും പുറത്തും താരമാണ്.

മട്ട അരിയുടെ ചോറാണ് പ്രധാന വിഭവം. മീൻകറി, വറുത്ത മീൻ, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ഓംലെറ്റ്, തോരൻ, ഒഴിച്ചുകറി, തേങ്ങാച്ചമ്മന്തി, അച്ചാർ, കൊണ്ടാട്ടം മുളക്, ചുട്ട പപ്പടം, തൈര് എന്നിവയാണ് ചട്ടിച്ചോറിലെ മറ്റു വിഭവങ്ങൾ.
 ഒഴിച്ചുകറിയായി അവിയൽ, പരിപ്പുകറി, കൂട്ടുകറി ഇവയിലേതെങ്കിലുമാണ് വിളമ്പുക. ഇവയെല്ലാം മൺചട്ടിയിൽ നിരത്തിവെയ്ക്കുന്നതു കണ്ടമാത്രയിൽ മനം നിറയും, കഴിച്ചാൽ വയറും.
അധികമായാൽ അമൃതും വിഷം
 
 
ചെറുപ്പകാലത്ത് വീട്ടിലെ ചട്ടിയില്‍ ബാക്കി വന്ന മീന്‍കറിയില്‍ കുറച്ചു ചോറിട്ട് ഇളക്കി കഴിച്ചതിന്റെ ഓര്‍മ്മയില്‍ ഇപ്പോള്‍ ബ്രാന്‍ഡ് ആയി മാറിയ ‘ചട്ടിച്ചോറ്’ നാം കഴിക്കുന്നത് ചെറുപ്പകാലത്ത് നമുക്ക് ലഭിച്ച ചെറിയ അളവിലല്ല. ചട്ടിച്ചോറും വീട്ടിലെ ഊണും കല്യാണ സദ്യയും ഭക്ഷണത്തിന്റെ ഗുണത്തിലല്ല അളവിലാണ് നമുക്ക് ശത്രുവാകുന്നത്.
ഭക്ഷണത്തെ പറ്റിയുള്ള നമ്മുടെ അജ്ഞതയും അമിതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തന്നെയാണ്  രോഗങ്ങളുടെ പിടിയിലേക്ക് നമ്മളെ തള്ളിവിടുന്നത്. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സമൂഹമാണ് കേരളത്തിലേത്. മലയാളികള്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നതും അസുഖം ഉണ്ടായാല്‍ ചികിത്സ തേടുന്നു എന്നതുമൊക്കെ ഈ കണക്കിന് അടിസ്ഥാനമാണെങ്കിലും ജീവിത രോഗങ്ങള്‍ നമ്മുടെ സമൂഹത്തെ കീഴടക്കുകയാണെന്നതില്‍ യാതൊരു സംശയവും വേണ്ട.
ഉഴുന്നു വട മുതല്‍ കുഴിമന്തി വരെ നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കലോറി വിലയോടൊപ്പം മെനുവില്‍ ലഭ്യമാക്കണമെന്ന  നിയമം കൊണ്ടുവന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇതെന്നാണ് തോന്നുന്നത്.
റസ്റ്റോറന്റുകള്‍ പ്‌ളേറ്റ് നിറയെ ഭക്ഷണം കൊടുക്കുന്നതിന് പകരം ആരോഗ്യകരമായ അളവിലും ആകര്‍ഷകമായും ഭക്ഷണം നല്കാന്‍ ശ്രമിക്കണം. ഓരോ മെനുവിലും ‘ഹെല്‍ത്തി ഓപ്ഷന്‍’ എന്ന പേരില്‍ കുറച്ചു ഭക്ഷണമെങ്കിലും ഉണ്ടാകണം എന്നതും നിര്‍ബന്ധമാക്കണം.
ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ഇതൊന്നും ചെയ്യാതെ മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചിരിക്കാനാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ ഈ പോക്കു പോയാല്‍ പത്തു വര്‍ഷത്തിനകം പുകവലിയുണ്ടാക്കുന്ന രോഗങ്ങളുടെ ചിത്രം ഇപ്പോള്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഉള്ളതുപോലെ നമ്മുടെ ഭക്ഷണ വസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ മെനു കാര്‍ഡില്‍ വരുന്ന കാലം വിദൂരമല്ല എന്നുമാത്രം !

Back to top button
error: