KeralaNEWS

തീവ്രന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്രമാകും; എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഒരിടത്തും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. തുടര്‍ന്ന് വടക്ക് കിഴക്ക് ദിശ മാറി നാളെയോടെ ഒഡിഷ തീരത്തിനു സമീപത്തും, നവംബര്‍ 18ഓടെ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ സമീപത്തുകൂടിയും സഞ്ചരിക്കാനാണ് സാധ്യത.

ന്യൂനമര്‍ദ്ദത്തിന് പുറമെ വടക്കന്‍ ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഞായറാഴ്ച വരെയാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

Signature-ad

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം ഇന്ന് വടക്ക് പടിഞ്ഞാറന്‍ – മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 50 മുതല്‍ 60 കി.മീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മോശം കാലാവസ്ഥയാകും ഇന്ന്. മധ്യ പടിഞ്ഞാറന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ തീരം അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെയും ചില അവസരങ്ങളില്‍ 65 കി.മീ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

 

Back to top button
error: