IndiaNEWS

ദീപാവലിക്ക് വൈദ്യുതി മോഷ്ടിച്ചതിന് കുമാരസ്വാമിക്കെതിരെ കേസ്; തെറ്റു സമ്മതിച്ചതിന് അഭിനന്ദിച്ച് ഡികെ

ബംഗളൂരു: ദീപാവലി ദിവസം വീട് അലങ്കരിക്കാന്‍ പോസ്റ്റില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ് ) നിയമസഭാ കക്ഷി നേതാവുമായി കുമാരസ്വാമിക്കെതിരെ വൈദ്യുതി വിതരണ കമ്പനി (ബെസ്‌കോം) വിജിലന്‍സ് വിഭാഗം കേസെടുത്തു. കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലെ വൈദ്യുതാലങ്കാരത്തിന്റെ വിഡിയോ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.

ദള്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമാരസ്വാമി സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്നുണ്ടെങ്കില്‍ സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കുന്ന സര്‍ക്കാരിന്റെ ഗൃഹജ്യോതി പദ്ധതിക്കായി അപേക്ഷിക്കാമായിരുന്നെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Signature-ad

വീട് അലങ്കരിക്കാന്‍ ഒരു സ്വകാര്യ വ്യക്തിയെയാണ് ഏല്‍പിച്ചിരുന്നതെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പോസ്റ്റില്‍ നിന്നുള്ള കണക്ഷന്‍ വിഛേദിച്ചതായും കുമാരസ്വാമി വിശദീകരിച്ചു. ഏതന്വേഷണത്തിനും തയാറാണെന്നും ഒരു ചെറിയ പ്രശ്‌നത്തെ കോണ്‍ഗ്രസ് ഊതിവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തെറ്റു തുറന്നു സമ്മതിക്കാന്‍ തയാറായ കുമാരസ്വാമിയെ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാര്‍ അഭിനന്ദിച്ചു. സര്‍ക്കാര്‍ ഈ അന്വേഷണത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വൈദ്യുതി മോഷ്ടാവ് എന്നെഴുതിയ ചില പോസ്റ്ററുകളും കുമാരസ്വാമിയുടെ വീടിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

 

Back to top button
error: