CrimeNEWS

ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനുള്ള സഹായധനത്തില്‍നിന്ന് 1.20 ലക്ഷം തട്ടി; മഹിള കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും പല ആവശ്യങ്ങള്‍ പറഞ്ഞ് 1. 20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം.

കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ കുടുംബത്തെ സഹായിക്കാന്‍ നിന്നവരാണ് ആരോപണ വിധേയര്‍. കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പേരിലും ഇവര്‍ കബളിപ്പിച്ചു. വാടക അഡ്വാന്‍സില്‍ തിരിമറി നടത്തി. പണം തട്ടിയ വിവരം ഒരു മാസം മുന്‍പ് കുട്ടിയുടെ വീട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നല്‍കി. ബാക്കി തുക ഡിസംബര്‍ 20-നകം കൊടുക്കാമെന്ന് അറിയിച്ച് വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്തു. ജീര്‍ണാവസ്ഥയിലുള്ള വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തിലാണ് നല്ല വാടകവീട്ടിലേക്ക് മാറ്റിയത്. ഇതിന്റെ വാടക ഉള്‍പ്പെടെ നല്‍കുന്നത് എംഎല്‍എയാണ്.

വീടുമാറ്റത്തിനായി അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ 20,000 രൂപ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ആദ്യം വാങ്ങിയെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന പേരിലാണ് പിന്നീട് തുക വാങ്ങിയത്. ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായി ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള ഫാനും മറ്റും ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റും നല്‍കി. ഇതിന്റെ പേരിലും പണം തട്ടിയെന്ന് ആക്ഷേപമുണ്ട്.

സംഭവം വിവാദമായതോടെ പണം വായ്പയായി വാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും അറിയിച്ചത്. തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. പണം നഷ്ടമായ വിവരം അറിഞ്ഞയുടനെ പൊലീസില്‍ പരാതി കൊടുക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായി സിപിഎം ആലുവ ഏരിയ സെക്രട്ടറി ഉദയകുമാര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: